നടാനുള്ള തൈകൾ വനംവകുപ്പ് ജീവനക്കാർ ചങ്ങാടത്തിൽ കൊണ്ടുപോകുന്നു. ചാർപ്പ റെയിഞ്ച് കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ ജി. രാജേഷ്, ബീറ്റ് ഓഫീസർമാരായ മോളമ്മ ഡേവിഡ്, കെ.ആർ. രാജേഷ്, വാച്ചർ ശശി ഐനാർ എന്നിവരാണ് ചങ്ങാടത്തിൽ | Photo: Maneesh Chemanchery
അതിരപ്പിള്ളി: 2018-ലെ മഹാപ്രളയം ഒഴുക്കിക്കൊണ്ടു പോയത് വാഴച്ചാല്‍ വനമേഖലയിലെ കണക്കുകൂട്ടാവുന്നതിലുമപ്പുറത്തെ ജൈവസമ്പത്താണ്. പ്രളയത്തിനു മുന്‍പ് ഒരുക്കൊമ്പന്‍ മുതല്‍ തുമ്പൂര്‍മുഴി വരെ മുപ്പത് കിലോമീറ്ററിലേറെ ദൂരത്തില്‍ 260 ഹെക്ടര്‍ സ്ഥലത്ത് പുഴയോരക്കാടുകളും തുരുത്തുകളും ഉണ്ടായിരുന്നു.
ഇതില്‍ പകുതിയോളം നശിച്ചതായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിനു വേണ്ടി ഹോണ്‍ബില്‍ ഫൗണ്ടേഷന് നടത്തിയ പഠനത്തില്‍ സ്ഥിരീകരിച്ചെന്ന് ഇക്കോളജിസ്റ്റ് ഡോ. കെ.എച്ച്. അമിതാബച്ചന് പറഞ്ഞു. ഈ തുരുത്തുകളില്‍ ആദിവാസികളുടെ സഹായത്തോടെയാണ് തൈകള്‍ നടുന്നത്. 'അതിജീവനത്തിന്റെ പുനര്ജനിത്തുരുത്തുകള്' എന്ന പദ്ധതി വഴി ചെടികള്‍ നട്ട് ചാലക്കുടി പുഴയോരത്തെ കാടുകളും തുരുത്തുകളും പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമമാണ് യു.എന്‍.ഡി.പി. സഹായത്തോടെ വനംവകുപ്പ് നടത്തുന്നത്.
നടുന്നത് 4,500 തൈകള്‍
പുഴയോരത്തും തുരുത്തുകളിലുമായി നടുന്നത് 4,500 വൃക്ഷത്തൈകളാണ്. പുഴയോടുചേര്‍ന്ന് കൂടുതലായി കാണുന്ന തമ്പകം, ഉങ്ങ്, മണിമരുത്, മരമഞ്ഞള്‍, ചുവന്ന അകില്, ഈറ്റ തുടങ്ങി വിവിധ മരങ്ങളാണ് നടുന്നത്. ഇതിനായി പ്രത്യേക നഴ്സറി വാഴച്ചാലില്‍ തയ്യാറാക്കി. വാഴച്ചാല്‍ വനമേഖലയിലെ നാശോന്മുഖമായ ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം ലക്ഷ്യമാക്കി വനംവകുപ്പ് വേഴാമ്പല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. വൃക്ഷത്തൈ നടുന്ന പരിപാടി വാഴച്ചാലില്‍ പുഴ മധ്യത്തിലെ തുരുത്തില് സെന്‍ട്രല്‍ സര്‍ക്കിള്‍ സി.സി.എഫ്. കെ.എസ്. ദീപ ഉദ്ഘാടനം ചെയ്തു. വാഴച്ചാല്‍ ഡി.എഫ്.ഒ. എസ്.വി. വിനോദ് അധ്യക്ഷനായി.
പുഴയോരക്കാടുകളും തുരുത്തുകളും
ജൈവവൈവിധ്യ സമ്പന്നമാണ് വാഴച്ചാല്‍ വനമേഖലയിലെ മഴക്കാടുകള്‍. നിരവധിയിനം പക്ഷികളും തുമ്പികളും ചിത്ര ശലഭങ്ങളും ചെറുജീവികളും കൊണ്ട് സമ്പന്നമാണ്. വംശനാശ ഭീഷണി നേരിടുന്ന 54 ഓളം ഇനം സസ്യങ്ങളും 175 ഇനം പശ്ചിമഘട്ടത്തിലെ തനത് സസ്യങ്ങളും വാഴച്ചാലിലെ പുഴയോരക്കാടുകളിലുണ്ട്. പാണ്ടന്‍ വേഴാമ്പല്‍, മലമുഴക്കി വേഴാമ്പല്‍, കോഴി വേഴാമ്പല്‍ തുടങ്ങി എല്ലായിനം വേഴാമ്പലുകളും കൂട് വെയ്ക്കുന്നു. ചൂരല്‍ ആമ പോലുള്ള അപൂര്‍വ്വയിനം ജീവികളും പുഴയോരക്കാടുകളോട് ചേര്‍ന്ന് കാണുന്നു. ചാലക്കുടിപ്പുഴയിലെ ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്തിന്റെ കാരണവും തുരുത്തുകളും പുഴയോരക്കാടുകളുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..