കാരവൻ സംഘത്തിന് നൽകിയ സ്വീകരണം
പതിനാറ് കാരവനുകളും 31 സഞ്ചാരികളുമായി കേരളത്തിലെത്തിയ ആഗോള സഞ്ചാരികള്‍ക്ക് തലസ്ഥാനത്ത് സ്വീകരണമൊരുക്കി അധികൃതര്‍. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്ക് യാത്ര നടത്തുന്ന ഓട്ടോമൊബൈല്‍ എക്സ്പെഡിഷന് എന്ന സംഘമാണ് കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ആസ്വദിക്കാനെത്തിയത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വീകരിച്ചു.
കാരവന് യാത്രികരായ സഞ്ചാരികളുടെ സന്ദര്‍ശനം കേരളത്തിന്റെ കാരവന് ടൂറിസം നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കോവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രസംഘത്തിന്റെ സന്ദര്‍ശനം പ്രതീക്ഷ പകരുന്നതാണ്. കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത മന്ത്രി യാത്രാ ഷെഡ്യൂളില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയതില്‍ നന്ദി പ്രകടിപ്പിച്ചു.
.jpeg?$p=5820b29&&q=0.8)
ഡിസംബര്‍ നാലിന് കേരളത്തിലെത്തിയ സംഘം ആലപ്പുഴയുടെ കായല്‍ സൗന്ദര്യവും ഹൗസ്ബോട്ടിലെ താമസവും ആസ്വദിച്ചു. പിറ്റേന്ന് കുമളിയും തേക്കടിയും സന്ദര്‍ശിച്ച് ബോട്ടിങ് സഫാരിയും നടത്തി.
ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച യാത്രയില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് 16ഉം ജര്‍മ്മനി നിന്ന് 14 ഉം റഷ്യയില്‍ നിന്ന് ഒരാളും ഉള്‍പ്പടെ ആകെ 31 സഞ്ചാരികളാണുള്ളത്. ഒരു വര്‍ഷം നീളുന്ന യാത്രയില്‍ 17 രാജ്യങ്ങളിലൂടെ 50000 കിലോമീറ്ററാണ് സംഘം താണ്ടുക.
പത്ത് ടണ്‍ ഭാരമുള്ള 16 കാരവന് വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഒരു ചെറുകുടുംബത്തിനു കഴിയാവുന്നതരത്തില്‍ രൂപമാറ്റം ഓരോ വാഹനങ്ങളില്‍ നടത്തിയിട്ടുണ്ട്. കിടക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വാഹനത്തില്‍ സൗകര്യമുണ്ട്. എല്ലാ വാഹനങ്ങളിലും സോളാര്‍ പാനലുകള്‍ ഉണ്ട്.
സംഘം ഇതിനോടകം തുര്‍ക്കി, ഇറാന്, ജോര്‍ജിയ, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഒരുവര്‍ഷം കൊണ്ട് 18 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. ഓസ്ട്രേലിയയില്‍ യാത്ര അവസാനിക്കും.
Content Highlights: caravan tourism world tour
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..