
കൊളഗപ്പാറയിലെ കാരവൻ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
അമ്പലവയൽ: കോടമൂടിയ വയനാടിന്റെ കുളിരും കാടും മലയും ഇനി കാരവനിലിരുന്ന് ആസ്വദിക്കാം. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ നൂതന ആശയമായ കാരവൻ പാർക്കിങ് പദ്ധതി ജില്ലയിൽ തുടങ്ങി. ഇതോടെ യാത്രയ്ക്കിടയിലെ സുരക്ഷിതമായ താമസത്തിനും പുതിയ സാധ്യത ഒരുങ്ങുകയാണ്.
കാരവൻപാർക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കാരവൻ ടൂറിസം ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ പ്രതീക്ഷകൾക്ക് പുത്തനുണർവ് സമ്മാനിക്കുമെന്നും പാർക്കിങ് കേന്ദ്രങ്ങളെ ഭാവിയിൽ സാംസ്കാരികകേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. 35 വർഷത്തിനുശേഷമാണ് വിനോദസഞ്ചാരമേഖലയിൽ കേരളം പുതിയൊരു ഉത്പന്നം അവതരിപ്പിക്കുന്നത്. ആഡംബരവാഹനമായ കാരവൻ എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഒരുക്കുകയാണ് ഇതിലൂടെ വിനോദസഞ്ചാരവകുപ്പെന്നും മന്ത്രി പറഞ്ഞു.

ആദ്യം കൊളഗപ്പാറയിൽ
ജില്ലയിലെ ആദ്യത്തെ കാരവൻ പാർക്കിങ് കൊളഗപ്പാറയിലാണ് തുടങ്ങുന്നത്. എട്ട് ഏക്കർ വിസ്തൃതിയിൽ ആറു കാരവനുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പാർക്കിലുണ്ട്. നിലവിൽ രണ്ട് കാരവനുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയത്. കിടപ്പുമുറി, ശൗചാലയം, ഹാൾ, അടുക്കള, റൂഫ് ടോപ്പ് ടെന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. നാല് കാരവനുകൾക്കൂടി ഉടനെയെത്തും.
കാരവൻ ടൂറിസത്തിനുവേണ്ട വെള്ളം, വൈദ്യുതി തുടങ്ങിയ മറ്റ് സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം ഓർഗനൈസേഷന്റെ പങ്കാളിത്തത്തോടെ വയനാട് ഹിൽ ഡിസ്ട്രിക്റ്റ് ക്ലബ്ബും മഡ്ഡി ബൂട്‌സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഹഫ്സത്ത്, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ്, ജില്ലാ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ, സെക്രട്ടറി സി.പി. ശൈലേഷ്, പ്രദീപ് മൂർത്തി, അംബികാ കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. ഹിൽ ഡിസ്ട്രിക്റ്റ് ക്ലബ്ബിൽ സജ്ജീകരിച്ച കാരവനുകൾ അദ്ദേഹം സന്ദർശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..