കൊച്ചി: വിനോദസഞ്ചാരത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്താന്‍ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്. എല്ലാ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റികളിലും ഒന്നില്‍ കുറയാത്ത ടൂറിസം കേന്ദ്രങ്ങളുണ്ടാകണമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 

ഇതിന്റെ നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു പോകാനാണ് വകുപ്പിന്റെ തീരുമാനം. ഈ കേന്ദ്രങ്ങളിലെല്ലാം താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്നത് അസാധ്യമാണ്. അതിനുള്ള പരിഹാരം കൂടിയാണ് 'കാരവാന്‍ ടൂറിസം' എന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ കാരവാന്‍ ടൂറിസം നയവുമായി ബന്ധപ്പെട്ട് ടൂറിസം-ഗതാഗത വകുപ്പുകള്‍ സംസ്ഥാനത്തെ ആര്‍.ടി.ഒ.മാര്‍ക്കായി നടത്തിയ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു-സ്വകാര്യ മാതൃകയില്‍ യാഥാര്‍ഥ്യമാകുന്ന പദ്ധതിയില്‍ സ്വകാര്യ നിക്ഷേപകരും ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രാദേശിക സമൂഹവും പങ്കാളികളാകും. കാരവാന്‍ യാത്രയും കാരവാന്‍ പാര്‍ക്കിങ്ങും ഉള്‍പ്പെടുന്ന രണ്ട് മേഖലകളിലായാണ് കാരവാന്‍ ടൂറിസം നിലവില്‍ വരുന്നത്.

സൗകര്യങ്ങളേറെ

സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിങ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ കാബിനുമായുള്ള വിഭജനം, എ.സി., ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിങ് സംവിധാനം, ജി.പി.എസ്. തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവാനുകളില്‍ ക്രമീകരിക്കും.

അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് കാരവാനുകള്‍ ഐ.ടി. അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. സംസ്ഥാനത്ത് മുഴുവന്‍ യാത്രചെയ്യാനുള്ള അനുമതിയായിരിക്കും വാഹനത്തിന് നല്‍കുക.

കുടക്കീഴിലാക്കാം സാധ്യതകള്‍

കേരളത്തില്‍ ഏറെ പരീക്ഷിക്കാത്ത സാധ്യതകളിലേക്ക് ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ഫാം ടൂറിസം, ആയുര്‍വേദ ടൂറിസം, സ്പോര്‍ട്സ് ടൂറിസം, ഫോറസ്റ്റ് ടൂറിസം അങ്ങനെ പോകുന്നു സാധ്യതകള്‍. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച വിശദമായ പഠനങ്ങള്‍ നടന്നുവരികയാണ്.

താമസിയാതെ പുതിയ പദ്ധതികള്‍ ടൂറിസം വകുപ്പ് പ്രഖ്യാപിക്കും. പുറംലോകത്തിന് പരിചിതമല്ലാത്ത 500-ലേറെ ടൂറിസം സാധ്യതാ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു.

Content Highlights: caravan tourism all set to start roll soon