ജർമ്മൻ സഞ്ചാരി കുടുംബം, മന്ത്രി പി.എ മുഹമ്മദ് റിയാസ്
സമീപകാലത്താണ് കേരളത്തിന്റെ ടൂറിസം മേഖലയുടെ പുതിയ തലമായി വിശേഷിപ്പിക്കപ്പെടുന്ന കാരവാന് ടൂറിസം പോളിസി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇതിന് ശേഷം നിരവധി വിദേശ സഞ്ചാരകള്‍ തങ്ങളുടെ കാരവാനുകളുമായി കേരളത്തിലേക്ക് എത്തുകയുണ്ടായി. വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അധികൃതരും സാധാരണ ജനങ്ങളുമെല്ലാം ഹൃദ്യമായാണ് ഈ സഞ്ചാരികളെ സ്വീകരിച്ചത്. ഇത്തരത്തില്‍ കാരവാനുമായി കേരളത്തിലത്തി കണ്ണൂര്‍ പാല്‍ച്ചുരത്തില്‍ കുടുങ്ങിപ്പോയ സഞ്ചാരികള്‍ക്ക് നാട്ടുകാര്‍ സഹായം നൽകിയ വാർത്തയാണ് സാമൂഹിക മാധ്യമത്തിൽ കയ്യടി നേടുന്നത്.
ആറ് മാസം മുന്‍പ് ദുബായില്‍ നിന്നും യാത്ര തുടങ്ങിയവരാണ് ജര്‍മ്മന്‍ സ്വദേശികളായ കായും കുടുംബവും. പുത്തന്‍ ലെയ്ലാന്‍ഡ് ബസ് കാരവാനാക്കിയാണ് കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം യാത്ര ചെയ്യുന്നത്. ദുബായില്‍ നിന്ന് ഇറാന് തുര്‍ക്കി, പാകിസ്താന് വഴി ഇന്ത്യയിലേക്ക് എത്തിയ ഇവര്‍ ഗോവ സന്ദര്‍ശിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. ശനിയാഴ്ച മാനന്തവാടി ബോയ്സ് ടൗണ്‍ വഴി പാല്‍ച്ചുരം ഇറങ്ങുന്നതിനിടെ അവരുടെ കാരവാനിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.
ബ്രേക്ക് പോയതോടെ വാഹനം ചുരത്തില്‍ നിര്‍ത്തിയിട്ടു. യാത്ര മുടങ്ങി ചുരത്തില്‍ കുടുങ്ങുന്ന അവസ്ഥയായി. വലിയ വാഹനമായതിനാല്‍ എളുപ്പത്തില്‍ നന്നാക്കാനും സാധിക്കില്ലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സഹായവുമായെത്തിയത്. കാരവന് ബ്രേക്ക്ഡൗണ്‍ ആയതോടെ ചുരത്തില്‍ ഒരുപാട് വാഹനങ്ങള്‍ ബ്ലോക്കില്‍ പെട്ടു. എന്നാല്‍ കാരവാന് കുടുങ്ങിയതാണെന്ന് മനസ്സിലായതോടെ എല്ലാവരും ക്ഷമയോടെ വാഹനം നീക്കുന്നതിന് സഹായിച്ചു. ഇവരുടെ സഹായത്താല്‍ വാഹനം ആശ്രമം കവലവരെ എത്തിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഏര്‍പ്പാടാക്കിയ മെക്കാനിക്ക് വന്ന് അറ്റകുറ്റപ്പണിയും ചെയ്തു. വാഹനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് കായെയും കുടുംബത്തെയും യാത്രയാക്കിയാണ് നാട്ടുകാര്‍ മടങ്ങിയത്. ഇനിയും കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞാണ് ഇവര്‍ യാത്രയായത്.
വാഹനം കുടുങ്ങി പാതിവഴിയിലായ വിദേശ സഞ്ചാരികള്‍ക്ക് സഹായം നല്കിയ നാട്ടുകാരെ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. കേരളത്തിലെ നാട്ടുകാരുടെ കരുതലും സ്നേഹവും സഞ്ചാരികള്‍ നേരിട്ട് അനുഭവിക്കുകയായിരുന്നു. കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ പൊതുജനങ്ങള്‍ തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: caravan stuck in palchuram Mohammed Riyas Minister for Tourism appreciates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..