മാനന്തവാടി: തിരുനെല്ലി കാരമാട് കോളനിയിലെ മധുവിന് കാടിനെ പകര്‍ത്താന്‍ ചൊവ്വാഴ്ച ക്യാമറ സമ്മാനിക്കും. മധുവിന്റെ ഫോട്ടോഗ്രാഫിയിലെ മികവ് തിരിച്ചറിഞ്ഞ മാതൃഭൂമി വായനക്കാരുടെ സ്‌നേഹസമ്മാനമായി പുതിയ ക്യാമറ ചൊവ്വാഴ്ച രാവിലെ 10-ന് മാനന്തവാടി ഹോട്ടല്‍ ബ്രഹ്മഗിരിയില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ. കൈമാറും.

മാതൃഭൂമി ഡോട്ട്കോമിലൂടെ മധുവിനെ കുറിച്ചറിഞ്ഞ ദുബായ് ഗ്രാന്‍ഡ് സ്റ്റോഴ്സിന്റെ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് മേധാവി ഗോപാല്‍ സുധാകരനാണ് പുതിയ ക്യാമറ സമ്മാനിക്കുന്നത്. നിക്കോണിന്റെ ഡി 5600 ക്യാറമയും നിക്കോര്‍ 700-300 എം.എം. എഫ്.പി.വി.ആര്‍. ലെന്‍സുമാണ് മധുവിന് ലഭിക്കുക. നിക്കോണ്‍ ക്യാമറകളുടെ മിഡില്‍ ഈസ്റ്റിലെ അംഗീകൃത വിതരണക്കാരാണ് ദുബായ് ആസ്ഥാനമായുള്ള ഗ്രാന്‍ഡ് സ്റ്റോര്‍.

മൊബൈല്‍ ഫോണിലും സുഹൃത്തിന്റെ ക്യാമറ കടം വാങ്ങിയും ഫോട്ടോ എടുത്തുകൊണ്ടിരുന്ന മധുവിനെക്കുറിച്ചറിഞ്ഞ പ്രവാസിയായ തൃശൂര്‍ നാട്ടിക സ്വദേശി അബ്ദുള്‍ ജിഷാദ് ഈയിടെ ഒരു നിക്കോണ്‍ ഡി 3100 ക്യാമറ സമ്മാനിച്ചിരുന്നു. ഈ വാര്‍ത്ത മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രാന്‍ഡ് സ്റ്റോര്‍ മധുവിന് ക്യാമറ നല്‍കാന്‍ സന്നദ്ധരായി എത്തിയത്. സ്വന്തം മൊബൈല്‍ ഫോണിലെടുത്ത ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും ശ്രദ്ധിക്കപ്പെട്ടതുമാണ് സ്വന്തമായി ക്യാമറ എന്ന മോഹത്തിലേക്ക് മധുവിനെ അടുപ്പിച്ചത്. 

എടുക്കുന്ന ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു മധു ചെയ്തിരുന്നത്. ഈ ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ പുറംലോകം കണ്ടത്. 

Content Highlights: Camera Handover function at Mananthavady on Tuesday, Madhu Wildlife Photographer