തൃശ്ശൂർ: പീച്ചിയിലും ചിമ്മിനിയിലും ഇതുവരെ കണ്ടെത്തിയതിനെക്കാൾ നൂറിലേറെ ഇനം ശലഭങ്ങളെ കൂടുതൽ കണ്ടെത്തി ചിത്രശലഭ സർവേ. പീച്ചി വന്യജീവി വിഭാഗവും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേയിലാണിത് കണ്ടെത്തിയത്. പീച്ചി, ചിമ്മിനി, ചൂലന്നൂർ വന്യജീവി സങ്കേതങ്ങളിലാണ് സർവേ നടന്നത്.

കേരളത്തിൽ ഇതുവരെ റിപ്പോർട്ടുചെയ്ത 326 എണ്ണത്തിൽ‌ 156 ഇനത്തെയും സർവേയിൽ കണ്ടെത്തി. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽനിന്ന്‌ 132 ഇനം ശലഭങ്ങളെയാണ് കണ്ടെത്തിയത്. ഇതുവരെ ഇവിടെനിന്ന്‌ റിപ്പോർട്ട് ചെയ്തതിനെക്കാൾ 80 ഇനങ്ങൾ കൂടുതലാണിത്. ചിമ്മിനിയിൽനിന്ന്‌ 116 ഇനങ്ങളെയാണ് കണ്ടെത്തിയത്. ഇതുവരെ ഇവിടെനിന്ന്‌ കണ്ടെത്താത്ത 33 ഇനങ്ങളെ ഈ സർവേയിൽ കണ്ടെത്തി. പാലക്കാട്ടെ ചൂലന്നൂർ മയിൽസങ്കേതത്തിൽനിന്ന്‌ 41 ഇനങ്ങളെ കണ്ടെത്തി. ഇവിടെ ആദ്യമായാണ് ശലഭസർവേ നടക്കുന്നത്.

ആകെ കണ്ടെത്തിയവയിൽ 23 എണ്ണം ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറി(ഐ.യു.സി.എൻ.)ന്റെ ചുവപ്പുപട്ടികയിൽ ഉൾപ്പെട്ടവയാണ്. വംശനാശഭീഷണിയുള്ള ഇനങ്ങളാണ് ഇവ. 63 എണ്ണം കൂടുതൽ സംരക്ഷണം ആവശ്യമുള്ളവയുമാണ്. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന നീലഗിരി പാപ്പാത്തി, കരിയിലശലഭം, മലബാർ മിന്നൻ, സുവർണ ആര, പുള്ളി ശരവേഗൻ എന്നിവയെ സർവേയിൽ കണ്ടെത്തി.

Garuda
ഗരുഡശലഭം

340 ഇനം പക്ഷികളും

Cheriyameen parunth
ചെറിയമീൻ പരുന്ത്

മൂന്നു വന്യജീവി സങ്കേതങ്ങളിലുംകൂടി 340 ഇനം പക്ഷികളെയും കണ്ടെത്തി. ചെങ്കോലൻ പുള്ള്, വെള്ളക്കണ്ണി പരുന്ത്, താലിപ്പരുന്ത്, എന്നിവ ഇതിൽ ഉൾപ്പെടുന്നു. മലമുഴക്കി വേഴാമ്പലിനെ പീച്ചിയിലും ചിമ്മിനിയിലും കണ്ടെത്തി. പീച്ചിയിൽനിന്ന് 11 ഇനം തുമ്പികളെയും കൂടുതലായി കണ്ടെത്തി. ഇതോടെ ആകെ തുമ്പി ഇനങ്ങൾ 83 ആയി ഉയർന്നു. 50 ഇനം നിശാ ശലഭങ്ങളെയും 15 തരം ഉറുമ്പുകളെയും നാല് ചീവീടുകളെയും കണ്ടെത്തി. രാജവെമ്പാല ഉൾപ്പെടെ 10 ഉരഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

കടുവ സർവേയും

പീച്ചിയിലും ചിമ്മിനിയിലും കടുവസാന്നിധ്യവും സർവേയിൽ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടിടത്തും കടുവ സർവേ നടത്തുമെന്ന് പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ്‌ വാർഡൻ പി.എം. പ്രഭു അറിയിച്ചു. ഡിസംബർ അവസാനത്തോടെയാകും ഇതു നടത്തുക. ക്യാമറട്രാപ് സംവിധാനം ഉപയോഗിക്കും.

സർവേക്ക് 35 പേർ, സഹായിക്കാൻ 50 വനപാലകർ

242 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനത്തിനുള്ളിൽ 14 ബേസ് ക്യാമ്പുകളിൽ വനപാലകരോടൊപ്പം താമസിച്ചാണ് 35-ഓളം വരുന്ന സർവേ അംഗങ്ങൾ സർവേ പൂർത്തീകരിച്ചത്. 50 വനപാലകർ സർവേയിൽ പങ്കെടുത്തു. വൈവിധ്യങ്ങളായ ആവാസവ്യവസ്ഥയും ഉയരവും കേന്ദ്രീകരിച്ചായിരുന്നു 14 ക്യാമ്പുകൾ തിരഞ്ഞെടുത്തത്.

Peechi

ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിക്കുവേണ്ടി ഡോ. കലേഷ് സദാശിവൻ, ഡോ. അനൂപ്, വിനയൻ എന്നിവർ സർവേ അവലോകനം നടത്തി. പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ്‌ വാർഡൻ പി.എം. പ്രഭു, പീച്ചി വന്യജീവി സങ്കേതം റേഞ്ച് ഓഫീസർ അനീഷ്, അജയകുമാർ, സലീഷ് മേച്ചേരി എന്നിവർ പങ്കെടുത്തു.

Content Highlights: Butterfly survey conducted in Peechi wildlife sanctury and Chimmony wildlife sanctuary