കോട്ടയം: കായല്‍സൗന്ദര്യം ആസ്വദിക്കാം. ഒപ്പം ബോട്ടിങ്ങും നടത്താം. തണ്ണീര്‍മുക്കം ബണ്ട് റോഡിനോട് ചേര്‍ന്നുള്ള ചിറ ഇപ്പോള്‍ സഞ്ചാരികളുടെ വിനോദകേന്ദ്രമാണ്.  ബണ്ട് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സായാഹ്നങ്ങളില്‍ കായല്‍ക്കാറ്റേറ്റ് ഇവിടെ വിശ്രമിക്കാം.  ലഘുഭക്ഷണവും ഐസ്‌ക്രീമുമൊക്കെയായി വ്യാപാരികളും ഇവിടെ റെഡി. 

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും ഇവിടെ യാത്രക്കാരുടെ തിരക്കുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.  ശിക്കാരവള്ളവും സ്പീഡ് ബോട്ടുകളുമുണ്ട്. വേമ്പനാട്ടുകായലിലൂടെ ബോട്ടില്‍ ചെറിയൊരു ഉല്ലാസയാത്രയും നടത്താം.

തണ്ണീര്‍മുക്കം പുതിയപാലത്തിന്റെ സമീപം 80 മീറ്ററാണ് കായലിലേക്ക് ഇറങ്ങിക്കിടക്കുന്നത്. ഇരുവശത്തും സ്ഥലമുണ്ട്.  വിനോദസഞ്ചാരികള്‍ക്കായി ഇവിടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ബോട്ടുജെട്ടി, കോഫി പാര്‍ലര്‍ എന്നിവ ഒരുക്കാന്‍ വെച്ചൂര്‍ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  ഇതിനായി ജലസേചനവകുപ്പിനോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.ആര്‍.ഷൈലകുമാര്‍ പറഞ്ഞു.

Content Highlights: boating in thanneermukkambund chira