കോതമംഗലം: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പുയർന്നതോടെ ബോട്ടിങ്ങിനുള്ള ഒരുക്കവും തുടങ്ങി. വെള്ളിയാഴ്ച ഏതാനും ബോട്ടുകൾ സർവീസ് ആരംഭിക്കും. ശനിയാഴ്ച മുതൽ മുഴുവൻ ബോട്ടുകളും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. 50 പേർക്കു വീതമുള്ള മൂന്ന് ഹൗസ്ബോട്ടും ഒമ്പത് പേർക്കിരിക്കാവുന്ന ഏഴ് സ്പീഡ് ബോട്ടുകളുമാണിവിടെയുള്ളത്. രണ്ട് ടൂറിസം സീസണുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇക്കുറി കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ്.

ഡാമിന്റെ പതിനഞ്ച് ഷട്ടറുകളിൽ പതിമൂന്നും അടച്ചു. കുടിവെള്ള പദ്ധതികൾക്കായി രണ്ട് ഷട്ടറുകൾ 30 സെ.മീ. വീതം തുറന്നിട്ടുണ്ട്. ഇപ്പോഴത്തെ ഡാമിലെ ജലനിരപ്പ് 34 മീറ്ററാണ്. ജലനിരപ്പ് 34.95 മീറ്ററിലെത്തുന്നതോടെ കനാലുകൾ തുറക്കുന്നതിന് മുന്നോടിയായി 24-ന് ട്രയൽ നടത്തും.

ജനുവരി ഒന്നുമുതൽ കനാലുകളിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങും. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പെരിയാറിലൂടെയുള്ള ബോട്ടുസവാരി. തട്ടേക്കാട്, കുട്ടംപുഴ, ഇഞ്ചത്തൊട്ടി, നേര്യമംഗലം വരെ ബോട്ടിലൂടെ കാടിന്റെ ഭംഗി ആസ്വദിച്ച് സവാരി നടത്താം. പഴയ ഭൂതത്താൻകെട്ടിലേക്ക് കാനനവീഥിയിലൂടെയുള്ള യാത്രയും രസകരമാണ്. ഡാമിന്റെ ഷട്ടർ വീണതോടെ പെരിയാർ വിനോദ സഞ്ചാരത്തിനൊപ്പം കുടിവെള്ളത്തിനും കാർഷിക മേഖലയിലെ ജലസേചനത്തിനും തുടിപ്പേകും.

Content Highlights: boating in bhoothathankettu, ernakulam tourists destinations, periyar boating