തുരുത്തുകൾ ചുറ്റിയടിക്കാം, അസ്തമയം കാണാം; പറവൂരിലെ കായൽസവാരിക്ക് തിരക്കേറുന്നു


ടി.സി. പ്രേംകുമാർ

പെരിയാർ രണ്ടായി പിരിഞ്ഞൊഴുകി കൊടുങ്ങല്ലൂർക്കായലിലും അഴിമുഖത്തും പതിക്കുന്ന സ്ഥലം വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു.

കായലോരത്തെ കോട്ടപ്പുറം മുസിരിസ് വാക്‌വേ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

പറവൂർ: അറബിക്കടലിന്റെ ആഴങ്ങളിലേക്ക് മറയുന്ന അസ്തമയസൂര്യന്റെ ചുവപ്പുരാശി കാണാം. ഓളങ്ങളിൽ വീഴുന്ന സൂര്യബിംബത്തിന്റെ തിളക്കം. പുഴയും കായലും കടലും മീനും ജലോത്സവങ്ങളും വള്ളങ്ങളും ഒക്കെയുള്ള പറവൂരിന്റെ തീരപ്രദേശത്ത് ജലപാതയിലൂടെയുള്ള ബോട്ട് സവാരിക്ക് തിരക്കേറുന്നു. കോവിഡിന്റെ ആലസ്യത്തിനുശേഷം ഇവിടെ കായൽസവാരിക്ക് എത്തുന്ന ആഭ്യന്തര വിനോദസഞ്ചാരികൾ കൂടിവരികയാണ്.

പെരിയാർ രണ്ടായി പിരിഞ്ഞൊഴുകി കൊടുങ്ങല്ലൂർക്കായലിലും അഴിമുഖത്തും പതിക്കുന്ന സ്ഥലം വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. കായൽക്കാറ്റും കൂടെ കായൽമത്സ്യരുചികളും ശാന്തമായ അന്തരീക്ഷവുമാണ് ഇവിടത്തെ ആകർഷണം. കൂടാതെ ചാലക്കുടിപ്പുഴ പെരിയാറിൽ സംഗമിക്കുന്നതും ഇവിടെയാണ്.

അവധിനാളുകളിൽ മുസിരിസ് പൈതൃക പദ്ധതിയുടെ പൈതൃക സ്മാരകങ്ങൾ കൂട്ടിയിണക്കിയുള്ള ബോട്ട് സവാരിക്ക് വൻബുക്കിങ്ങായിരുന്നു. ‘ഹോപ് ഓൺ ഹോപ് ഓഫ്’ ബോട്ടുകളും ‘വാട്ടർ ടാക്സി’കളും ഉണ്ട്. കൂടാതെ പറവൂർ ‘മുസിരിസ് ടൂറിസം സൊസൈറ്റി’ ഉൾപ്പെടെയുള്ള സംഘടനകൾ കുറഞ്ഞചെലവിൽ കായലോര ബോട്ട് സവാരി സംഘടിപ്പിക്കുന്നുണ്ട്.

കോട്ടപ്പുറം വാട്ടർ ഫ്രണ്ട്

കൊടുങ്ങല്ലൂർ കായലിൽ രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ചെങ്ങാട ഫെറിയുണ്ടായിരുന്നത് കോട്ടപ്പുറത്താണ്. ചരിത്രപ്രാധാന്യമുള്ള ഇടമാണിവിടം, 16-ാം നൂറ്റാണ്ട്‌ മുതലുള്ള കോട്ടപ്പുറം കോട്ടയുടെ ഭാഗമാണ് ചന്തയും. ഡച്ച് ആർക്കേവ്‌സിൽ നിന്നും കണ്ടെടുത്ത മാപ്പിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 37 വർഷം മുമ്പ് കോട്ടപ്പുറം-മൂത്തകുന്നം പാലം വന്നതോടെ ഫെറി ഇല്ലാതായി. പഴയ കോട്ടപ്പുറം ഫെറിക്കടവ് മുസിരിസ് പൈതൃക പദ്ധതിയിൽ സഞ്ചാരകേന്ദ്രമാക്കി.

സന്ദർശകർക്കായി ആംഫി തിയേറ്റർ, റിഫ്രഷ്‌മെന്റ് സോൺ, ബോട്ട്ജെട്ടി, പാർക്ക് റസ്റ്റോറന്റ്, നടപ്പാത, തണൽമരങ്ങൾ, കസേരകൾ എന്നിവ ഉൾപ്പെടെ സൗന്ദര്യവത്കരിച്ചയിടത്ത് ഇരിക്കാം.

ഇന്തോ-യുറോപ്യൻ വാസ്തുശാസ്ത്ര ശൈലിയിൽ നിർമിച്ച കെട്ടിടവും ഫെറി ടിക്കറ്റ് കൗണ്ടറും അതേപടി സംരക്ഷിച്ചിട്ടുണ്ട്. അധികം അകലെയല്ലാതെ 1523-ൽ പോർച്ചുഗീസുകാർ നിർമിച്ച കോട്ടയും കാണാം.

പുഴയിലും കായലിലുമായി ചിതറിക്കിടക്കുന്ന കോഴിത്തുരുത്ത്, തേലത്തുരുത്ത്, ചൗക്കക്കടവ്, പുത്തൻവേലിക്കര, എളന്തിക്കര, മാളവന, ഗോതുരുത്ത്, കുറുമ്പത്തുരുത്ത്, വി.പി. തുരുത്ത്, വലിയ പണിക്കൻതുരുത്ത്, പഴമ്പിള്ളിത്തുരുത്ത്, കക്കമാടം തുരുത്ത് തുടങ്ങി ജനവാസമുള്ള തുരുത്തുകളുമുണ്ടിവിടെ. ഇവയെ ചുറ്റിയും ബോട്ട് സവാരിയുണ്ട്. പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന ചൗക്കക്കടവും എളന്തിക്കരയിലെ മാളവനപ്പാറയും പ്രകൃതി ഒരുക്കിയിട്ടുള്ള കാഴ്ചകളാണ്. അസ്തമയദൃശ്യങ്ങൾ ഇവിടെനിന്നും അഴിമുഖത്തിനു സമീപവും കാണാം.

യാത്രികരുടെ അഭിരുചിക്കനുസരിച്ച് കായൽസവാരി ഒരുക്കിയിട്ടുണ്ടെന്ന് മുസിരിസ് ടൂറിസം സൊസൈറ്റി പ്രസിഡന്റും മുൻ നഗരസഭാ ചെയർമാനുമായ രമേഷ് ഡി. കുറുപ്പ്, സെക്രട്ടറി റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കെ. കുട്ടപ്പൻ എന്നിവർ പറഞ്ഞു.

Content Highlights: boating at paravoor, muziris heritage travel, kottappuram water front, malayalam travel news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented