ആലപ്പുഴ: അന്താരാഷ്ട്ര ബിനാലെ മാർച്ച് 10 മുതൽ ആലപ്പുഴയിലെ വിവിധസ്ഥലങ്ങളിലും കൊച്ചിയിലുമായി സംഘടിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബിനാലെയുടെ സ്വാഗതസംഘ രൂപീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ, മുസുരിസ് പൈതൃക പദ്ധതി, കയർബോർഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസംവകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി, കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിട്ടെക്ട്സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 90 ദിവസം നീളുന്ന ബിനാലെ.

ആലപ്പുഴ പട്ടണത്തെ പൈതൃകനഗരം എന്ന നിലയിൽ ബ്രാൻഡുചെയ്യുകയും അതുവഴി സാംസ്കാരികം, കല, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉണർവ് സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

ജില്ലയിൽ എത്തുന്ന അഞ്ചുലക്ഷത്തോളം വരുന്ന ടൂറിസ്റ്റുകളിൽ പകുതിപേരെങ്കിലും ആലപ്പുഴയുടെ പൈതൃക, സാംസ്കാരിക സമ്പത്ത് കാണാനായി ഇവിടെ ഒരുദിവസം തങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കും. കനാൽക്കരയിലുള്ള പാണ്ടികശാലകൾ പുനരുദ്ധരിച്ചുവരുകയാണ്.

ജില്ലയിൽ 24 മ്യൂസിയങ്ങൾ നിർമിച്ചുവരുകയാണ്. ലോകമേ തറവാട് എന്ന തീം അടിസ്ഥാനപ്പെടുത്തിയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ക്യൂറേറ്ററായി ബോസ് കൃഷ്ണമാചാരി പ്രവർത്തിക്കുമെന്നു മന്ത്രി പറഞ്ഞു.

265 മലയാളികൾ വിവിധരാജ്യങ്ങളിലായി പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ തിരഞ്ഞെടുത്തവ ബിനാലെയിലെ പ്രദർശനവേദിയിൽ ഒരുക്കും. നിർമാണം പൂർത്തിയായ മ്യൂസിയങ്ങൾ വേദിയായി നൽകുമെന്ന് മന്ത്രി പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, വൈസ് പ്രസിഡന്റ് ദലീമാ ജോജോ, നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ്, നഗരസഭാ വൈസ് പ്രസിഡൻറ് പി.എസ്.എം. ഹുസൈൻ, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ് എന്നിവർ സംസാരിച്ചു.

എ.എം. ആരിഫ് എം.പി. ചെയർമാനും ജനറൽ കൺവീനറായി ബോസ് കൃഷ്ണമാചാരിയും പ്രവർത്തിക്കും. ദലീമാ ജോജോ, പി.എസ്.എം. ഹുസൈൻ, ജഗദീശൻ, സുബൈർ എന്നിവർ വൈസ് ചെയർമാൻമാരാണ്.

Content Highlights: Biennale in Alappuzha, Lokame Tharavadu, Kochi Biennale, Kerala Tourism ,Travel News