കോതമംഗലം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിട്ടും ഭൂതത്താൻകെട്ട് അവഗണനയിലാണ്. വേണ്ടവിധത്തിലുള്ള പരിപാലനവും ശുചീകരണവും സഞ്ചാരികൾക്കാവശ്യമായ സൗകര്യവും ഇവിടെ ഒരുക്കുന്നില്ല. രണ്ടു പതിറ്റാണ്ടോളമായിട്ടും ടൂറിസം പച്ചപിടിക്കാത്ത അവസ്ഥ. പെരിയാർവാലിയും ഡി.ടി.പി.സി.യും ഭൂതത്താൻകെട്ട് ഡെസ്റ്റിനേഷൻ മാനേജുമെന്റ് കൗൺസിലും വനംവകുപ്പും എല്ലാമാണ് നടത്തിപ്പുകാർ. പാർക്കും ഡാമും ബോട്ട് സവാരിയും ഇക്കോ ടൂറിസവും ഏറുമാടത്തിലെ താമസവും തടാകത്തിലെ പെഡൽ ബോട്ടും കയാക്ക്‌ സവാരിയുമെല്ലമാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്.

തൊടുന്നതിനെല്ലാം ചാർജ്

വാഹനം പാർക്ക് ചെയ്യാൻ, പാർക്കിൽ കയറാൻ, ബോട്ടിലും തടാകസവാരിക്കും ഇക്കോ ടൂറിസത്തിലേക്കുമെല്ലാം പോകുന്നതിനും തുടങ്ങി എല്ലാത്തിനും ഫീസുവേണം ഇവിടെ. ഓരോ തരത്തിലാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. റസ്റ്റോറന്റും തടാകവും കോട്ടേജും ട്രീ ഹട്ടും എല്ലാം ഡി.ടി.പി.സി.യും കൗൺസിലും ചേർന്ന് മൂന്നു വർഷത്തേക്ക് സ്വകാര്യസ്ഥാപനത്തിന് നടത്തിപ്പിന് നൽകിയിരിക്കുകയാണ്. അവരും ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ പതിപ്പിക്കുന്നില്ല. പലപ്പോഴും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കംചെയ്യാനോ സംസ്കരിക്കാനോ സംവിധാനം പോലുമില്ല. ഇതുമൂലം പെരിയാറിലും വൃഷ്ടിപ്രദേശത്തുമെല്ലാം മാലിന്യം നിറയുകയാണ്.

Bhoothathankettu 2
ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിലെ പൂന്തോട്ടത്തിന്റെ പ്രവേശനകവാടത്തിന്റെ ഭാഗം കാടുപിടിച്ച നിലയിൽ

തുറന്നിട്ടും ഉണർന്നില്ല

കോവിഡും കാലവസ്ഥാ വ്യതിയാനവും മൂലം ഒന്നര വർഷത്തിലേറെയായി പലപ്പോഴായി മാസങ്ങളോളം അടഞ്ഞുകിടന്ന ടൂറിസം ഉണർവിന്റെ പാതയിലേക്ക് നീങ്ങുമ്പോഴും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകുന്നില്ല. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രവേശിച്ചാൽ ആദ്യം കാണുന്നത് പാർക്കാണ്. ഇവിടെ പലഭാഗത്തും അടിക്കാടും പുല്ലും വളർന്നുനിൽക്കുകയാണ്. ശുചീകരണത്തിനും മറ്റുമായി പെരിയാർവാലി മുപ്പതോളം തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

Bhoothathankettu 3
പാർക്കിങ് ഏരിയയിൽ നിന്നുള്ള നടപ്പാത കാടുകയറിക്കിടക്കുന്നു

കുട്ടികളും നിരാശരാകും

കുട്ടികൾക്കായി പഴയതും പുതിയതുമായി പ്ലാസ്റ്റിക്കിലും ഇരുമ്പിലും തീർത്ത നിരവധി കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും പലതും കേടായും തുരുമ്പെടുത്തും കിടക്കുകയാണ്.

സഞ്ചാരികൾ കൂടുതലായി വിശ്രമത്തിന് ഇടംകണ്ടെത്തുന്ന ഡാമിന് താഴെ പടിക്കെട്ടു ഭാഗത്ത് കാട് വെട്ടിനീക്കിയിട്ടില്ല. പൂന്തോട്ടത്തിലെ അക്വേറിയം ഉപയോഗശൂന്യമായി തകർച്ചയിലാണ്. പാർക്കിങ് ഏരിയയിൽ നിന്ന് വൃഷ്ടിപ്രദേശത്തിന് നടുവിലൂടെയുള്ള വാക്‌വേയ്ക്ക് ഇരുവശവും കാടുപിടിച്ചുകിടക്കുന്നു.

സുരക്ഷിതമാക്കണം

ബോട്ടിങ്ങും പഴയ ഭൂതത്താൻകെട്ടിലെ കാഴ്ചകളുമാണ് സഞ്ചാരികൾക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്. കോടികളുടെ പദ്ധതികൾ പലതും പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല. മോഷ്ടാക്കളുടേയും മദ്യപരുടേയും സാമൂഹികവിരുദ്ധരുടേയും വിളയാട്ടം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സൽപ്പേരിന് കളങ്കമാണ്. ഇത് അമർച്ചചെയ്ത് സഞ്ചാരികൾക്ക് സുരക്ഷിത സന്ദർശനത്തിന് ഇടമൊരുക്കണം.

Content Highlights: Bhoothathankettu eco tourism center, Bhoothathankettu boating, kerala tourism