പൊന്നാനി: നിളയുടെ വശ്യമനോഹാരിത...ഭാരതപ്പുഴയെ അറബിക്കടലേറ്റുവാങ്ങുന്ന അഴിമുഖത്തെ സൗന്ദര്യകാഴ്ച.. ഇതെല്ലാം ആസ്വദിച്ച് ഓളപ്പരപ്പിലൂടെ ഒരു ഉല്ലാസയാത്ര നടത്തിയാലോ..? എങ്കിൽ ഇനി ദൂരെയൊന്നും പോകേണ്ട. പൊന്നാനിയിലെത്തിയാൽ ഇത്തരമൊരു യാത്ര സാധ്യമാകും. പുഴയും കടലും കൈകോർത്തുകിടക്കുന്ന പൊന്നാനിയുടെ ഓളപ്പരപ്പിൽ തംരഗമായി മാറുകയാണ് ഉല്ലാസ ബോട്ട് യാത്ര.

ജലടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോട്ട് യാത്രയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. പുഴയും കടലും സംഗമിക്കുന്ന പൊന്നാനിയിലെത്തുന്നവർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതാണ് ഇവിടുത്തെ ജലയാത്ര. അഞ്ച് ബോട്ടുകളാണ് പൊന്നാനിയിൽ ഇപ്പോൾ ഉല്ലാസയാത്ര നടത്തുന്നത്. ആലപ്പുഴയിലെ ശിക്കാര മാതൃകയിലുള്ള ടൂറിസ്റ്റ് ബോട്ടും ഇതിലുണ്ട്. പൊന്നാനിയിലെ ജല ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ട് കൂടുതൽപേർ ബോട്ട് സർവീസ് രംഗത്തേക്ക്‌ കടന്നുവരുന്നുണ്ട്.

ഹാർബറിന് സമീപത്തും നിളയോരത്തെ കർമ റോഡിനോടുചേർന്നുമാണ് ജെട്ടികളുള്ളത്. പടിഞ്ഞാറേക്കരയിൽനിന്ന് സർവീസ് ആരംഭിക്കുന്നതുമുണ്ട്. ഇരുകരകളിലേയും ദൃശ്യഭംഗി ആസ്വദിച്ച് നിളയുടെ ഓളപ്പരപ്പുകൾക്ക് മുകളിലൂടെയാണ് യാത്ര. മണിക്കൂറുകളുടെ യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

വൈകീട്ടെത്തൂ, ആസ്വദിക്കൂ

സൂര്യാസ്തമയം കണ്ടും ജലയാത്രയുടെ അനുഭൂതി ആസ്വദിച്ചുമുള്ള ചെറിയൊരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ വൈകുന്നേരങ്ങളിലാണെത്തേണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് യാത്ര പുറപ്പെടുന്നത്.

കർമ റോഡിനരികിലൂടെയെത്തി ചമ്രവട്ടം പാലവും കണ്ടശേഷവും പൊന്നാനി ഹാർബറും അഴിമുഖവും പടിഞ്ഞാറേക്കരയും ചുറ്റിയശേഷം തിരിച്ച് ജെട്ടിയിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

100 രൂപ, ഒരുമണിക്കൂർ

ഒരുമണിക്കൂർ യാത്രയ്ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് നിരക്കിൽ ഇളവുണ്ട്. വിനോദയാത്രയായി എത്തുന്ന കുടുംബങ്ങൾക്കും മറ്റു സംഘങ്ങൾക്കുമായി പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

നുണയാം, പൊന്നാനി പലഹാരങ്ങൾ

മണിക്കൂറുകളോളം നീളുന്ന യാത്രയിൽ പൊന്നാനിയുടെ തനത് പലഹാരങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും ലഭിക്കും.

തലോടും, അഴിമുഖത്തെ കാറ്റ്

കുടുംബ സംഗമങ്ങളും ചെറിയ ആഘോഷങ്ങളുമെല്ലാം അവിസ്മരണീയമാക്കാനും ബോട്ടുകൾ തിരഞ്ഞെടുക്കുന്നുണ്ട്.

ഇത്തരത്തിലുള്ള പരിപാടികൾ കൺവെൻഷൻ സെന്ററുകളിലും ഹോട്ടലുകളിലും സംഘടിപ്പിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ബോട്ട് യാത്ര കൂടുതൽ സൗകര്യപ്രദവും സാമ്പത്തിക ലാഭവും നൽകുന്നതിനാൽ കൂടുതൽപേർ മുൻപോട്ടുവരുമെന്നാണ് ഉടമകൾ പറയുന്നത്.

അഴിമുഖത്തെ കാറ്റും പ്രകൃതിഭംഗിയും ആസ്വദിച്ച് ജലയാത്ര നടത്താൻ അവധി ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറേപ്പേരാണ് പൊന്നാനിയിലെത്തുന്നത്.

Content Highlights: bharathappuzha, boat travel in nila river, water tourism malappuram, ponnani port travel