ബേപ്പൂർ വാട്ടർ ഫെസ്റ്റിനെത്തിയവർ
ബേപ്പൂർ: കോഴിക്കോട്ടുനിന്ന് വിവിധസ്ഥലങ്ങൾ ചുറ്റിക്കറങ്ങിയെത്തിയ സൈക്കിളോട്ടസംഘത്തിന്റെ വരവോടെ ‘ബേപ്പൂർ മറീന’ കേന്ദ്രമാക്കി നടത്തുന്ന ‘ബേപ്പൂർ വാട്ടർഫെസ്റ്റി’ന് തുടക്കം. ഉരുപ്പെരുമയുടെ നാടായ ബേപ്പൂരിൽ ജലസാഹസികമേള അരങ്ങേറുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുമ്പാണ്, കോഴിക്കോട് ബീച്ചിൽ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റൈഡ് സംഘം ഞായറാഴ്ച രാവിലെ ബേപ്പൂർ കടൽത്തീരകേന്ദ്രമായ മറീനയിൽ എത്തിയത്. മന്ത്രിയിൽനിന്ന് സംഘം നേതാവ് സാഹിർ സാബു സ്വീകരിച്ച ‘ബേപ്പൂർ വാട്ടർഫെസ്റ്റ്’ പതാക ബേപ്പൂരിൽ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉയർത്തിയതോടെ ജലോത്സവത്തിന്റെ നാല് പകലിരവുകൾക്ക് തുടക്കമായി.
ബേപ്പൂർ വാട്ടർഫെസ്റ്റ് സംസ്ഥാന ടൂറിസത്തിന്റെ ചരിത്ര അധ്യായമാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സൈക്കിളിങ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് പെടലേഴ്സ്, ടീം മലബാർ റൈഡേഴ്സ്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നിവയിലെ നൂറോളംപേരാണ് സൈക്കിളോട്ടത്തിൽ പങ്കെടുത്തത്. സബ് കളക്ടർ വി. ചെൽസ സിനി, ടൂറിസം ജോയന്റ് ഡയറക്ടർ സി.എൻ. അനിതകുമാരി, പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, മാസ്റ്റർ മറൈനർ ക്യാപ്റ്റൻ കെ.കെ. ഹരിദാസ്, കോസ്റ്റ്ഗാർഡ് കമാൻഡന്റ് ഫ്രാൻസിസ് പോൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ. പ്രമോദ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ എം. ഗിരീഷ്, കൺവീനർ ടി. ജയദീപ്, സേഫ്റ്റി ആൻഡ് റെസ്ക്യൂ കമ്മിറ്റി ചെയർമാൻ ടി.കെ. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

ഓളപ്പരപ്പിൽ വീറും വാശിയുമായി മത്സരക്കുതിപ്പ്
കോഴിക്കോട്: കരുത്തും ആവേശവും ചേർന്ന് തുഴപിടിച്ച നാടൻതോണികളുടെ തുഴച്ചിൽ മത്സരം ബേപ്പൂരിന്റെ ഓളപ്പരപ്പിൽ മിന്നുന്ന പ്രകടനമായി. ബേപ്പൂർ വാട്ടർ ഫെസ്റ്റിലെ ആദ്യ മത്സരയിനമായ തദ്ദേശീയർക്കായുള്ള ഡിങ്കി ബോട്ട് റേസ് കാണികളിൽ ആവേശംതീർത്തു. മത്സരത്തിൽ സിദ്ദീഖ്-അബ്ദുൽ ഗഫൂർ ടീം തുഴഞ്ഞ ബോട്ട് ഒന്നാം സ്ഥാനത്തെത്തി. സഹീർ അലി-ഷറഫുദ്ദീൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

രണ്ടുപേരടങ്ങുന്ന 24 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ആറുടീമുകളെ പങ്കെടുപ്പിച്ച് നാലുറൗണ്ടുകളിലായിരുന്നു മത്സരം. 400 മീറ്റർ ട്രാക്കിലാണ് മത്സരം നടന്നത്. ഓരോ റൗണ്ടിലെയും ആദ്യ രണ്ടുസ്ഥാനക്കാരാണ് ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മാലിന്യംതള്ളുന്നതിനെതിരേയുള്ള സന്ദേശമായാണ് ട്രഷർ ഹണ്ട് നടത്തിയത്. കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ട്രഷർ ഹണ്ടിൽ ആറിഞ്ച് നീളത്തിലുള്ള അഞ്ഞൂറോളം ചെറിയ മരത്തടികൾ കടലിൽ നിക്ഷേപിക്കും 10 മിനിറ്റിനുള്ളിൽ ഏറ്റവുംകൂടുതൽ മരത്തടികൾ ശേഖരിക്കുന്ന ടീമായിരുന്നു വിജയികൾ. 24 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ്-അബ്ദുൽ ഗഫൂർ ടീം ഒന്നാം സ്ഥാനവും സുധീർ ബാബു-സലീം ടീം രണ്ടാം സ്ഥാനവും ശ്രീജേഷും സംഘവും മൂന്നാം സ്ഥാനവും നേടി. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി ലൈഫ് ജാക്കറ്റ് സംവിധാനവും കടലിൽ പോലീസിന്റെയും ഫിഷറീസിന്റെയും ഓരോ ബോട്ടുവീതവും രണ്ടു തഗ് ബോട്ടുകളും ഉണ്ടായിരുന്നു.

വലയെറിയൽ മത്സരവും കാണികളിൽ ആവേശം തീർത്തു. കാഴ്ചക്കാർക്ക് വിരുന്നൊരുക്കാൻ ഒട്ടേറെപ്പേരാണ് മത്സരത്തിനെത്തിയത്. ചെറുതോണികളിൽ തദ്ദേശീയരായ ആളുകളാണ് ബേപ്പൂരിന്റെ ഓളപ്പരപ്പിൽ വലയെറിഞ്ഞത്. നൗഷാദ് സി. ഒന്നാംസ്ഥാനവും ഗഫൂർ രണ്ടാംസ്ഥാനവും നേടി.
Content Highlights: Beypore water fest, Beypore marina, kerala tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..