കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനവും  ആകാശത്ത് വർണ്ണങ്ങൾ വാരി വിതറി പട്ടങ്ങൾ. നൂറ്‌ കണക്കിന് ആളുകളെ ആവേശത്തിലാക്കിയാണ് ഓരോ പട്ടവും വാനിൽ ഉയർന്നു പറന്നത്. കൈറ്റ് ഫെസ്റ്റിവൽ കാണാൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസും, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയും എത്തി.

വിദേശിയും ഗോവയിൽ സ്ഥിരതാമസക്കാരനുമായ കൈറ്റ് ബോർഡിംഗ് വിദഗ്ദ്ധൻ ഫിലിപ്പിനെ ജില്ലാ കലക്ടർ ആദരിച്ചു. ദുബായ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയ സോസർ കൈറ്റ്, ഗുജറാത്ത് കൈറ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ യെല്ലോ ഫ്ലയിങ് സോസർ കൈറ്റ് എന്നിവ കാഴ്ച്ചക്കാർക്ക് മനോഹര കാഴ്ച്ചയൊരുക്കി.

ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ നാഷണൽ കൈറ്റ് ഫെസ്റ്റിവലിലാണ് വൺ ഇന്ത്യ ടീമിന്റെ നേതൃത്വത്തിൽ 12 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എത്തിയത്. ഇന്ത്യൻ മിലിട്ടറിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മിലിട്ടറി കൈറ്റും ആകാശത്ത് വിസ്മയം തീർത്തു.

250ലധികം കുഞ്ഞുപട്ടങ്ങൾ ഉൾപ്പെടുത്തിയ ട്രെയിൻ കൈറ്റും, എൽ.ഇ.ഡി കൈറ്റും, ലോക പട്ടം പറത്തലിൽ ഇന്ത്യക്ക് ആദ്യമായി സമ്മാനം ലഭിച്ച കഥകളി പട്ടവും വാനിൽ ഉയർന്നു പൊങ്ങി. 120 മീറ്ററാണ് കഥകളി പട്ടത്തിന്റെ നീളം.

Content Highlights: beypore water fest, kite festival kozhikode, kerala tourism, travel news malayalam