കോഴിക്കോട്: സംഘാടനമികവുകൊണ്ട് ശ്രദ്ധേയമായി ബേപ്പൂരില്‍ നടന്ന വാട്ടര്‍ ഫെസ്റ്റ്. ലക്ഷക്കണക്കിനാളുകളുടെ പങ്കാളിത്തമായിരുന്നു നാല് ദിവസങ്ങളിലായി നടന്ന ജലമേളയ്ക്കുണ്ടായത്. 

Beypore 2

മികച്ച രീതിയിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നടന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ടൂറിസം പ്ലാനിങ് ബോര്‍ഡ് അഡൈ്വസറി സമിതിയംഗവുമായ കെ.ആര്‍ പ്രമോദ് പറഞ്ഞു. മേളയുമായി ബന്ധപ്പെട്ട് ഒരു പെറ്റി കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് എടുത്തുപറയേണ്ട ഒന്നാമത്തെ കാര്യം. യാതൊരുവിധ അപകടങ്ങളും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Beypore 3

അഞ്ച് കിലോമീറ്ററോളം വിസ്തൃതിയില്‍ പല ഭാഗങ്ങളിലായാണ് മത്സരം നടന്നത്. എല്ലാം ഒരു കുടക്കീഴില്‍ എന്നവണ്ണമായിരുന്നു സംഘാടനം. ഒരിടത്ത് ഭക്ഷ്യമേള, മറ്റൊരിടത്ത് കൈറ്റ് ഫെസ്റ്റിവല്‍ എന്നിങ്ങനെ. ഏഴായിരത്തോളം പേരാണ് കപ്പല്‍ കാണാനെത്തിയത്. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കപ്പല്‍ കാണാന്‍ അവസരവുമുണ്ടായിരുന്നു. ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്ററുകളുടെ പ്രകടനവും കാഴ്ചക്കാരില്‍ ആവേശമുണര്‍ത്തി.

Beypore 4

ജലമേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പേ തന്നെ കൂടിയാലോചനകള്‍ തുടങ്ങിയിരുന്നതായി കെ.ആര്‍. പ്രമോദ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പ് മന്ത്രിയും ബേപ്പൂര്‍ എം.എല്‍.എയുമായ പി.എ മുഹമ്മദ് റിയാസിന്റെ ആശയമായിരുന്നു ടൂറിസത്തിന്റെ തിരിച്ചുവരവ്. അതാദ്യം തന്റെ മണ്ഡലത്തില്‍ നിന്ന് വേണമെന്ന് ആലോചിച്ചു. അങ്ങനെയാണ് കുട്ടനാട്ടില്‍ മാത്രം നടക്കുന്ന ജലോത്സവം വളരെ വ്യത്യസ്തമായ രൂപത്തില്‍ വേണമെന്ന ചിന്തയിലാണ് ആലോചനകള്‍ നടന്നത്.

Beypore 5

മത്സരങ്ങളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. ഏറ്റവും നല്ല സെയിലിങ് ട്രാക്കാണ് ഇവിടെയുള്ളതെന്ന് ഫെസ്റ്റിനെത്തിയ നാവികര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രദേശവാസികളുടെ പിന്തുണയും ഏറെയുണ്ടായിരുന്നു. മേള കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ മൂന്നൂറോളം വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ബീച്ച് മുഴുവന്‍ വൃത്തിയാക്കിയതും എടുത്തുപറയേണ്ടതാണ്. മത്സരം തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്ന കടല്‍ത്തീരത്തേക്കാള്‍ പത്തിരട്ടി വൃത്തിയാണ് പ്രദേശത്ത് ഇപ്പോഴുള്ളത്. കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ എൻ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിനെല്ലാം നേതൃത്വം വഹിച്ചത്.

Beypore 6

ജലോത്സവം ഇനിയും നടക്കുമെന്നും അത് കേരളത്തിലെ വിനോദസഞ്ചാര കലണ്ടറിന്റെ ഭാഗമായുണ്ടാകുമെന്നാണ് സമാപന വേളയില്‍ മന്ത്രി അറിയിച്ചത്. പത്തുവര്‍ഷം കഴിയുമ്പോഴേക്കും ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ബേപ്പൂരുമുണ്ടാകുമെന്ന് സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയും അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: beypore water fest, Beypore marina, kozhikode tourism, kerala tourism