Photo: Twitter| IANS
കോവിഡ് കാലമായതിനാല്‍ യാത്രകളൊന്നും നടക്കാത്ത അവസ്ഥയാണ്. പക്ഷേ ഈ കാലത്തും സുരക്ഷിതമായി സന്ദര്‍ശിക്കാവുന്ന ഒരിടമുണ്ട് ഇന്ത്യയില്‍. ബംഗളൂരു ബണ്ണര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കാണത്.
ആരോഗ്യ കുടുംബക്ഷേമ സര്‍വീസസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഒരു സംഘം മൃഗശാല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിപിന്‍ സിങ് വാര്‍ത്താ ഏജന്‍സിയായ അയാന്‍സിനോട് പറഞ്ഞു. ദിവസം 4400 സന്ദര്‍ശകരെയേ അനുവദിക്കാവൂ എന്ന് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സാധാരണയുണ്ടാവുന്നതിന്റെ പത്ത് ശതമാനം പേരേ മൃഗശാലയിലെത്തുന്നുള്ളൂ.
പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനറുപയോഗിച്ച് സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിക്കും. ഇവിടെയും പാര്‍ക്കിന്റെ നിശ്ചിത മറ്റു ഭാഗങ്ങളിലും ഹാന്‍ഡ് സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനവുമുണ്ടെന്നും വിപിന്‍ സിങ് പറഞ്ഞു. സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ രോഗലക്ഷണങ്ങളുണ്ടെന്ന് തോന്നുന്നവര്‍ക്ക് ക്വാറന്റീനില്‍ കഴിയാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
'നന്ന പാര്‍ക്ക് നമ്മ കര്‍ത്തവ്യ' (നമ്മുടെ പാര്‍ക്ക്, നമ്മുടെ ഉത്തരവാദിത്തം) എന്ന ഒരു ക്യാമ്പെയിനിനും പാര്‍ക്ക് അധിൃതര്‍ തുടക്കം കുറിച്ചിട്ടുണ്ട്. സഫാരി വാഹനങ്ങളില്‍ 50 ശതമാനം പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കുന്നുള്ളൂ എന്ന കാര്യവും പാര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത് ഒരു നോഡല്‍ ഓഫീസറാണ്.
മൃഗശാല, സഫാരി, ശലഭോദ്യാനം, റെസ്‌ക്യൂ സെന്റര്‍ എന്നിങ്ങനെ നാല് യൂണിറ്റുകളാണ് പാര്‍ക്കിനുള്ളത്. 732 ഹെക്ടര്‍ വരുന്ന മേഖലയില്‍ 2279 മൃഗങ്ങളാണുള്ളത്.
Content Highlights: Bengaluru Zoo, Covid 19, Bengaluru Bannerghatta Biological Park, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..