മുംബൈ: കോവിഡ് മൂലം നഷ്ടങ്ങളേറെ സംഭവിച്ച ടൂറിസം രംഗത്തെ തിരിച്ചുപിടിക്കാനൊരുങ്ങി മുംബൈ. അതിന്റെ ഭാഗമായി നഗരത്തിലെ ബീച്ചുകളും പാര്‍ക്കുകളും രാത്രി 10 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.

ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ബീച്ചുകളും പാര്‍ക്കുകളും മറ്റ് പൊതുസ്ഥലങ്ങളും രാവിലെ ആറുമുതല്‍ രാത്രി 10 വരെ തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുവന്നതോടെയാണ് പുതിയ തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ചാഹലാണ് ഇക്കാര്യം അറിയിച്ചത്. 

കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് ഇവിടേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 11 മുതല്‍ നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 

അതുപോലെ ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സിനും അധികൃതര്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഒപ്പം ഹോട്ടലുകള്‍ രാത്രി 10 മണി വരെ തുറന്നുപ്രവര്‍ത്തിക്കും. ഡൈനിങ്ങും അനുവദിച്ചിട്ടുണ്ട്. ലോക്കല്‍ ട്രെയിനുകളും ഓടിത്തുടങ്ങി. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ട്രെയിനുകളില്‍ പ്രവേശിക്കാനാകുക.

Content Highlights:Beaches and gardens to remain open from 6 AM to 10 PM in Mumbai