ചിത്രകൂട് വെള്ളച്ചാട്ടത്തിന് സമീപം കാവൽ നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥൻ | ഫോട്ടോ: അനു പി
ഇന്ത്യയിലെ ഏറ്റവും വലുതും അതിപുരാതനവുമായ ആദിവാസിമേഖലയാണ് ഏഴു ജില്ലകള്‍ ഒന്നിച്ചുചേരുന്ന ബസ്തര്‍ ഡിവിഷന്. അവിഭക്ത മദ്ധ്യപ്രദേശിലായിരുന്ന ഈ സ്ഥലം 2000 ലെ വിഭജനത്തെ തുടര്‍ന്ന് ഛത്തിസ്ഗഢിന്റെ ഭാഗമായി. ബസ്തര്‍, ദന്തേവാദ, കൊണ്ടെഗാവ്, നാരായണ്‍പുര്‍, കാംകേര്‍, സുക്മ, ബിജാപുര്‍ തുടങ്ങിയവയാണ് ബസ്തര്‍ ഡിവിഷനായി മാറിയത്. ഒഡിഷ, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ബസ്തര്‍ അതിര്‍ത്തി പങ്കിടുന്നു. ബസ്തര്‍ ഡിവിഷനിലെ ഓരോ ജില്ലയും ഐതിഹാസികമായും നരവംശശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഏറെ സവിശേഷതകളും പ്രാധാന്യവും അവകാശപ്പെടുന്നു.
39,117 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ബസ്തര്‍ ഡിവിഷന്, കേരളസംസ്ഥാനത്തെക്കാള്, ബെല്‍ജിയം ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ വലുതാണ്. ഇന്ദ്രാവതി, ശബരി, ശംഖിനി, ദൂധ് നദി, സെന്ദൂര്‍ നദി തുടങ്ങിയ നിരവധി നദികളും ചിത്രകൂട്, തീര്‍ത്ഥഗഢ്, ചിത്രധാര, ബീജാകാസ തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളും കുടുംസോര്‍, കൈലാശ് തുടങ്ങിയ പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുഗുഹകളും ഇന്ദ്രാവതി, കാംഗര്‍വാലി തുടങ്ങിയ നാഷണല്‍ പാര്ക്കുകളുമടങ്ങിയ ഈ പ്രദേശം അതിവിചിത്രവും വൈവിദ്ധ്യപൂര്‍ണ്ണവുമായ ആവാസവ്യവസ്ഥയെ അടയാളപ്പെടുത്തുന്നു.
ഗോണ്ട്, മാഡിയ, മുരിയ, ബത്ര, ഹല്ബ, ധ്രുവ തുടങ്ങി എണ്ണിത്തീരാത്തത്രയും പ്രാചീനഗോത്രങ്ങളും അത്രതന്നെ ഭാഷാവൈവിദ്ധ്യവും ജീവിതഭക്ഷണ വസ്ത്രധാരണ പാര്പ്പിടശൈലികളുമുണ്ട് ഇവിടെ. 'ബസ്തറിന്റെ ചരിത്രം അതിന്റെ ഭൂമിശാസ്ത്രമാണ്' എന്നു പറയാറുണ്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ള സസ്യജാലങ്ങള്‍ അതേപടി ഈ കാനനം കാത്തുസൂക്ഷിക്കുന്നു എന്നാണര്‍ത്ഥം. ഏറ്റവും പഴക്കമേറിയ ഗോത്രജീവിതചിഹ്നങ്ങള്, പ്രതീകങ്ങള്‍ ഇന്നും നമുക്കിവിടെ കാണാം. ബസ്തര്‍ ഡിവിഷന് ഇന്ത്യന്‍ ഭൂപടത്തില്‍ ചോരച്ചുവപ്പില്‍ ആഴത്തില്‍ അടയാളപ്പെട്ട 'ചുവന്ന ഇടനാഴി' അഥവാ 'റെഡ് കോറിഡോര്‍' ആണ്. കലാപഭൂമി എന്ന നിലയില്‍ വികസനവഴികള്‍ അടഞ്ഞ് ഏകദേശം അരനൂറ്റാണ്ടായി ഒറ്റപ്പെട്ടുകിടക്കുന്ന ഇവിടേക്ക്, സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് 1958ല്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുമ്പോഴാണ്. പിന്നീട് ബല്ലാഡില മലനിരകളിലെ കനത്ത ഇരുമ്പയിര്‍നിക്ഷേപം വെളിപ്പെട്ടപ്പോഴും.
.jpg?$p=3686cda&&q=0.8)
നാരായണ്‍പുര്‍, ബിജാപുര്‍ ജില്ലകളുടെ കുറെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട അതി(കു)പ്രശസ്തമായ അബുജ്മാറാണ് ഇന്നും ഇന്ത്യന്‍ സര്‍ക്കാരിന് വെല്ലുവിളിയുയര്ത്തിനില്ക്കുന്നയിടം. അബുജ്മാര്‍ എന്നാല്‍ 'അറിയാമലകളുടെ നാട്' എന്ന് ഗോണ്ടി ഭാഷ പറയുന്നു. അതിഘോരവനപ്രദേശമായ ഈയിടം എന്നും ലോകത്തിനു മുഖംതിരിച്ചു നിന്നു. 1980 മുതല്‍ മറ്റു ഭാരതീയര്‍ക്ക് അബുജ്മാറിലേക്കു പ്രവേശിക്കാനുള്ള അനുമതി മദ്ധ്യപ്രദേശ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ചില നിബന്ധനകള്‍ക്കു വിധേയമായി പെര്‍മിറ്റോടെ ഇവിടേക്കു വരാമെന്നൊരു ഭേദഗതി 2006ല്‍ പാസാക്കി. 2009ല്‍ ഈ പെര്‍മിറ്റും ആവശ്യമില്ലാതായി.
പക്ഷേ, ഇതെല്ലാം സര്‍ക്കാര്‍രേഖകളില്‍ മാത്രം ഒതുങ്ങിനിന്നു. ഇന്നും നമുക്ക് അബുജ്മാറിലേക്കു പ്രവേശിക്കാനാവില്ല. 'സ്വതന്ത്രമാക്കപ്പെട്ട ഭൂഭാഗം' എന്ന് വിപ്ലവപ്രസ്ഥാനം അവകാശപ്പെടുന്ന ഇവിടേക്ക് പ്രവേശിക്കുവാന്‍ വഴികളോ പാലങ്ങളോ ഇല്ല. ഇന്ദ്രാവതിയുടെ ഒഴുക്ക് ഈ പ്രദേശത്തെ ലോകത്തുനിന്നുതന്നെ വേര്‍പെടുത്തി ഒറ്റപ്പെടുത്തിയിരിക്കുന്നു എന്നു പറയാം. 1873ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഭൂസര്‍വേയില്‍ അബുജ്മാര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും, ഈ കൊടുങ്കാട് ഒരിക്കലും സര്‍ക്കാര്‍രേഖകളില്‍ തെളിഞ്ഞിരുന്നില്ല. വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് തമ്പടിക്കുവാന്‍ ഏറ്റവും പക്വമായ മണ്ണായി ഇതു മാറാനുള്ള കാരണവും വേറൊന്നല്ല. ആദ്യ സര്‍വേ നടന്നതിന് 132 വര്‍ഷങ്ങള്‍ക്കുശേഷം 2005ല്‍ 55 മില്യണ്‍ ചെലവാക്കി ഛത്തിസ്ഗഢ് സര്‍ക്കാര്‍ ഒരു ആകാശസര്‍വേ ഇവിടെ നടത്തുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ഏകദേശം മദ്ധ്യത്തിലായി കിടക്കുന്ന അബുജ്മാറില് 2016ലാണ് ആദ്യമായി ഒരു ഗ്രാമം വൈദ്യുതീകരിക്കപ്പെടുന്നത് എന്നറിയുക. ഛോട്ടെ ഡോംഗര്‍ എന്ന ഗ്രാമത്തിനാണ് ഈ ഐതിഹാസിക നേട്ടമുണ്ടായത്. തുടര്‍ന്ന് 2017ല്‍ ആണിവിടെ രണ്ടാമതൊരു ഭൂസര്‍വേ നടക്കുന്നത്.
രാമായണത്തിലും മഹാഭാരതത്തിലും പറയുന്ന ദണ്ഡകാരണ്യമാണിത്. ദണ്ഡകന് എന്ന കാട്ടുരാജാവിന്റെ സ്വന്തം സാമ്രാജ്യം. സപ്തര്‍ഷികളുടെയും മറ്റു സന്ന്യാസശ്രേഷ്ഠരുടെയും കാനനം. ജടായുവിന്റെ ആരണ്യം. രാമന്റെ ഗോദാവരീതീരത്തേക്കുള്ള വനഗമനപഥവും ഇതിലൂടെത്തന്നെ. രാമായണത്തിലെ പല സന്ദര്‍ഭങ്ങളുമായും ബസ്തര്‍ കൂടിച്ചേര്‍ന്നുകിടക്കുന്നു. അരനൂറ്റാണ്ടുകാലമായി വിപ്ലവപ്രസ്ഥാനങ്ങളുടെ സജീവ കര്‍മ്മഭൂമിയായ ബസ്തര്‍ ഡിവിഷന്, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി, ജനത സര്‍ക്കാര്‍, ഭൂംകാല്‍ വിദ്യാലയ്, സ്പെഷല്‍ പോലീസ് ഓഫീസേഴ്സ്, ഓപറേഷന് ഗ്രീന്‍ ഹണ്ട്, സല്‍വ ജുഡും തുടങ്ങിയ തലക്കെട്ടുകളില്‍ എന്നും വര്‍ത്തമാനപത്രങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. നൂറുകണക്കിനു സുരക്ഷാസേനാക്യാമ്പുകളാല് വളയപ്പെട്ടിരിക്കുന്നു. സംരക്ഷിക്കാനും ഉദ്ധരിക്കാനും വെമ്പുന്നവര്ക്കിടയില്പ്പെട്ട് വഴിമുട്ടി, മൊഴിമുട്ടി നില്ക്കുന്നവര്ക്കിടയിലൂടെ മൂന്നു വര്‍ഷത്തിലധികമായി ഞാന്‍ നടത്തിയ യാത്രകളാണ് ആംചൊ ബസ്തര്‍. ഇതെന്റെ യാത്രാനുഭവങ്ങള്‍ മാത്രമാണ്. ഗവേഷണമോ പഠനമോ ഒന്നുമല്ല. ഞാന്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളും വഴികളും മനുഷ്യരും എല്ലാം എന്റെ താത്പര്യത്തിനാണ്. പക്ഷേ, കാഴ്ചകളിലും അനുഭവങ്ങളിലും എനിക്കൊരു മുന്‍നിശ്ചയവും ധാരണയും ഇല്ലായിരുന്നുതാനും.
.jpg?$p=cfd6635&&q=0.8)
ഏതെങ്കിലും തരത്തിലുള്ള ഒരു രാഷ്ട്രീയാഭിമുഖ്യവും എന്റെ യാത്രകള്‍ക്കില്ല. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള മുന്‍വിധിയോ പക്ഷപാതമോ കടുംപിടുത്തമോ ന്യായീകരണമോ വിശദീകരണമോ ഈ രചനയിലില്ല. അപരിചിതഭൂമിയിലൂടെ അപരിചിതര്‍ക്കൊപ്പം നടക്കുക എന്ന എന്റെ ഇഷ്ടവും കൗതുകവും മാത്രമാണിതില്‍. പക്ഷേ, ബസ്തര്‍ യാത്രകള്‍ എനിക്ക് വലിയൊരു സുഹൃദ്ലോകം സമ്മാനിച്ചു എന്നു ഞാന്‍ സന്തോഷത്തോടെ അറിയുന്നു. പീപ്പിള്‍സ് വാര് ഗ്രൂപ്പ് കമാന്‍ഡര്‍ ഭദ്രണ്ണ മുതല്‍ എന്നെ കണ്ടു പേടിച്ചു റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ഓടിയ ഓഫീസര്‍ വരെ, കാംകേര്‍ രാജാവു മുതല്‍ മന്ത്രരാത്രിയില് എനിക്കായി ദേവതകളെ ക്ഷണിച്ച കൈലാസ് നാഗ് വരെ, ഗോത്രവര്ഗ്ഗസംരക്ഷണത്തിനായി പോരാടുന്ന മംഗള്‍ കുന്‍ജാം മുതല്‍ എനിക്കു നിങ്ങളോടു സംസാരിക്കാനുണ്ട് എന്ന് രഥോത്സവത്തിരക്കില് പിടിച്ചുനിര്‍ത്തിയ വിജയ്കുമാര്‍ ഠാക്കുര്‍ വരെ, ഞാന്‍ സൃഷ്ടിക്കാത്ത ദൈവങ്ങളേത് എന്നു വെല്ലുവിളിച്ച ഫഗ്നു ബാബ മുതല്‍ പഴയൊരു വേനലിന്റെ പൂക്കള്‍ കണ്ണിലെരിച്ചുകൊണ്ട് എന്റെ മുഖത്തേക്കു ലഹരി പതച്ചൊഴുക്കിയ നന്ദാറാം ബാബ വരെ, ഞങ്ങളെ ആന്റിക്കു പേടിയില്ലേ എന്നു ചോദിച്ച മോണിക്ക മുതല്‍ നിങ്ങളെ എനിക്കിഷ്ടമായി എന്ന് തോളോടു ചേര്‍ന്ന ബീമേ വരെ, ദളം പറഞ്ഞാല്‍ ഞാനെന്തും ചെയ്യും എന്നു പറഞ്ഞ സുരേഷ് മുതല്‍ എവിടെ മുട്ടണമെന്നറിയില്ലായിരുന്നു എന്നു പറഞ്ഞ സോമേരു വരെ, അതിസുന്ദരനായ മോഹിത് രാജകുമാരന് മുതല്‍ വശ്യമധുരമന്ദഹാസത്തോടെ എന്റെ മുഖത്തേക്കുറ്റുനോക്കി മുളന്തണ്ടിന്റെ മുറിപ്പാടില്‍ അരുമയോടെ തലോടി പാട്ടുമൂളിയ നകുല്‍ കുറാം വരെ... അകലങ്ങളില്‍ എനിക്കൊരുപാടു കൂട്ടുകാരുണ്ട്...
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആംചോ ബസ്തര്‍ എന്ന പുസ്തകത്തില്‍ നിന്നും)
Content Highlights: bastar division the red corridor of india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..