Photo: instagram.com/visitbarcelona
വിനോദസഞ്ചാരികളുടെ സ്വപ്‌ന നഗരങ്ങളിലൊന്നാണ് സ്‌പെയ്‌നിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാഴ്‌സലോണ. സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നഗരജീവിതവും ഫുട്‌ബോള്‍ സംസ്‌കാരവും അതിമനോഹരമായ ബീച്ചുകളുമെല്ലാമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വര്‍ഷംതോറും ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന ബാഴ്‌സലോണ ഇപ്പോള്‍ അമിത ടൂറിസം മൂലമുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്. ഇതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനായി ടൂറിസ്റ്റ് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പകരം ഗുണമേന്മയുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കലാണ് നികുതി വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്. കുറഞ്ഞ സഞ്ചാരികളിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2012 ലാണ് നഗരത്തില്‍ ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്തുന്നത്. ഇതിനു പുറമെ നഗരത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ സര്‍ചാര്‍ജും നല്‍കണം. ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്ന നികുതി വര്‍ധനവിലൂടെ ടൂറിസ്റ്റുകള്‍ 2.75 യൂറോ അധികമായി നല്‍കേണ്ടിവരും. അടുത്ത വര്‍ഷത്തോടെ ഇത് 3.25 യൂറോയായി ഉയരും. ഔദ്യോഗിക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.
കൂടുതലായി ഈടാക്കുന്ന നികുതി സഞ്ചാരികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അനുഭവം ഉറപ്പുവരുത്താനായി വിനിയോഗിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളും റോഡുകളും നഗരഗതാഗതവും മെച്ചപ്പെടുത്താനായി ഈ പണം വിനിയോഗിക്കും. ബാഴ്‌സലോണയ്ക്ക് പുറമെ മറ്റ് ചില യൂറോപ്യന്‍ നഗരങ്ങളും ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്ത് ഏറ്റവുംകൂടുതല്‍ സഞ്ചാരികളെത്തുന്ന ഇരുപതാമത്തെ നഗരമാണ് ബാഴ്‌സലോണ. ലോകത്താകെയുള്ള ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെയും പറുദീസയാണ് നഗരം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളും ലോകപ്രശസ്ത കലാകാരന്മാരുടെ കലാസൃഷ്ടികളുള്ള മ്യൂസിയങ്ങളുമെല്ലാം ഈ നഗരത്തെ ടൂറിസം മേഖലയില്‍ അടയാളപ്പെടുത്തുന്നു.
Content Highlights: Barcelona to increase its tourist tax from April
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..