തൊടുപുഴ: പെരിയാറിന്റെ തീരങ്ങളെ മിടുക്കിയാക്കി സംരക്ഷിക്കാന്‍ വിപുലമായ കര്‍മപദ്ധതിയൊരുങ്ങുന്നു. മരിയാപുരം ഗ്രാമപ്പഞ്ചായത്തും, സംസ്ഥാന ബാംബൂ മിഷനും ഹരിതകേരളവും തൊഴിലുറപ്പ് പദ്ധതിയും കൈകോര്‍ത്താണ് പെരിയാറിന്റെ തീരസംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുന്നത്.

മുളങ്കാടുകള്‍, നടപ്പാതകള്‍, ഫലവൃക്ഷത്തോട്ടം തുടങ്ങിയ വിവിധ പ്രോജക്ടുകളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് സന്നദ്ധമാണെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്.പി.വിനുകുമാര്‍ പറഞ്ഞു. പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2018ല്‍ ഗ്രാമപ്പഞ്ചായത്തും ഹരിതകേരളവും സംയുക്തമായി സംഘടിപ്പിച്ച പുഴ നടത്തം പരിപാടിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് പെരിയാര്‍ സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിന്റെ 11ാം വാര്‍ഡായ കുതിരക്കല്ലാണ് പെരിയാര്‍ സംരക്ഷണ പദ്ധതിക്ക് തുടക്കമിടുക. വെള്ളക്കയം മുതല്‍ തടിയമ്പാട് ചപ്പാത്ത് വരെ നീളുന്ന രണ്ടുകിലോ മീറ്ററോളമുള്ള പെരിയാര്‍ തീരത്ത് ഇതിനായി മുളകള്‍ നട്ടുപിടിപ്പിക്കും. 1.43 ഹെക്ടര്‍ ഭൂമിയാണ് മുളകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക. ടൂറിസം കൂടി ലക്ഷ്യമിട്ട് മുളങ്കാടുകളിലൂടെ നടപ്പാതകളും ഫലവൃക്ഷത്തോട്ടവുമെല്ലാം പിന്നാലെ നിര്‍മിക്കും.. ഭാവിയില്‍ സമീപ പഞ്ചായത്തുകളുമായി ചേര്‍ന്ന് പദ്ധതി വിപുലമായി നടപ്പാക്കാനാകുമെന്ന് വാര്‍ഡ് അംഗം അഡ്വ. ഫെനില്‍ ജോസ് പറഞ്ഞു

പെരിയാറിന്റെ തീരത്തെ മണ്ണിടിയുന്ന ഇടങ്ങള്‍ കയര്‍ഭൂവസ്ത്രം വിരിച്ച് പുല്ലുകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതിനും പദ്ധതിയുണ്ടെന്ന് തൊഴിലുറപ്പ് അസി.എന്‍ജിനീയര്‍ വൈശാഖ് പി.മോഹനന്‍ പറഞ്ഞു.

Content Highlights: Banks of periyar river, travel news