സഞ്ചാരികള്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബാലി. എന്നാല്‍ കോവിഡ് മഹാമാരി വിനോദസഞ്ചാര മേഖലയെ തകര്‍ത്തപ്പോള്‍ ബാലിയും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. എന്നിട്ടും സഞ്ചാരികളെ സ്വീകരിക്കുന്നുണ്ട് ഈ ഇന്തോനേഷ്യന്‍ പട്ടണം. 

ബാലിയില്‍ പ്രവേശിക്കണമെങ്കില്‍ സഞ്ചാരികള്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഈയിടെ ബാലിയിലെത്തിയ സഞ്ചാരികള്‍ കോവിഡ് നിയമങ്ങള്‍ പാലിക്കാതെ സഞ്ചാരകേന്ദ്രങ്ങളില്‍ ചുറ്റിനടന്നു. ഇവര്‍ക്കെതിരേ കര്‍ശനമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബാലി ടൂറിസം അധികൃതര്‍.

അമേരിക്ക, റഷ്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ബാലി കാണാനെത്തിയ സഞ്ചാരികള്‍ക്കെതിരേ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടന്ന സഞ്ചാരികളെ ഉടന്‍ തന്നെ സ്വന്തം നാടുകളിലേക്ക് അധികൃതര്‍ പറഞ്ഞയച്ചു. ഇതില്‍ ഒരു സഞ്ചാരിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നീങ്ങുകയായിരുന്നു. 

കോവിഡ് പോസിറ്റീവായിട്ടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ഈ സഞ്ചാരി വിസമ്മതിച്ചുവെച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്തോനേഷ്യയില്‍ കോവിഡ് പെരുകുന്ന സാഹചര്യം കണത്തിലെടുത്താണ് സഞ്ചാരികളെ നാട്ടിലേക്ക് പറഞ്ഞയച്ചത്. 

നിലവില്‍ വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് മാത്രമാണ് ബാലിയിലേക്ക് പ്രവേശനമുള്ളത്. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

Content Highlights: Bali is kicking out tourists who flout COVID rules