പുല്ലുവിള സ്വദേശികളായ യുവാക്കൾ തിരച്ചുഴിയിൽപ്പെട്ട അടിമലത്തുറ-ആഴിമല തീരം. സമീപത്ത് കാണുന്ന പാറക്കൂട്ടത്തിലാണ് യുവാക്കൾ വിശ്രമിക്കാനെത്തിയത് | ഫോട്ടോ: മാതൃഭൂമി
- അപകടകാരണം പെട്ടെന്നുണ്ടാകുന്ന കടല്‍ച്ചുഴികള്‍
- പത്ത് വര്‍ഷത്തിനിടെ മരിച്ചത് അമ്പതോളം പേര്‍
അടിമലത്തുറ കുരിശ്ശടിക്ക് പിറകിലുള്ള ആഴിമലക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പാറക്കൂട്ടത്തില്‍ വിശ്രമിച്ചശേഷം കടലിലേക്ക് ഇറങ്ങിയപ്പോഴാണ് പുല്ലുവിള സ്വദേശികളായ യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. പാറക്കൂട്ടങ്ങളില്‍ സുഖമായി ഇരിക്കാനുള്ള സ്ഥലമുള്ളതിനാല്‍ ഈ ഭാഗത്താണ് യുവാക്കളുടെ സംഘമെത്താറുള്ളത്. തുടര്‍ന്ന് ഇവിടെയുള്ള തീരംവഴി കടലിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ച് 13-ന് വിഴിഞ്ഞം കിടാരക്കുഴി, കോട്ടുകാല്‍, പുന്നക്കുളം എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് വിദ്യാര്‍ഥിനികളും തിരയില്‍പ്പെട്ട് മുങ്ങിമരിച്ചിരുന്നു.
ഇതുപോലെ പത്ത് വര്‍ഷത്തിനിടയില്‍ 50- ഓളം പേരാണ് വിവിധ സമയങ്ങളില്‍ അടിമലത്തുറ- ആഴിമലക്കടലില്‍ തിരയിലും ചുഴിയിലും പെട്ട് മരിച്ചിട്ടുള്ളതെന്ന് സമീപവാസികള്‍ പറഞ്ഞു.
ഇവിടത്തെ തീരത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് തിരയടിച്ച് കയറുമ്പോള്‍ രണ്ട് വശങ്ങളില്‍ മണല്‍ത്തിട്ട രൂപപ്പെടും. മധ്യഭാഗത്ത് മണല്‍ നിരപ്പായും കാണപ്പെടും. മണല്‍ത്തിട്ടയില്‍ കയറാന്‍ മടിച്ച് വിനോദ സഞ്ചാരികളടക്കമുള്ളവര്‍ നിരപ്പായ ഭാഗത്തുകൂടി കടലിലിറങ്ങുമ്പോള്‍ കടല്‍ച്ചുഴിയില്‍ പെടുന്നതാണ് അപകടത്തിന് കാരണമാകുന്നത്. പെട്ടെന്ന് കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. അതിനാല്‍ അതീവ ശ്രദ്ധവേണ്ട തീരമാണ് അടിമലത്തുറ തീരമെന്ന് പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
സുരക്ഷാ ക്യാമറകളില്ലാത്ത വിജനതീരം
ജില്ലയിലെ കടല്‍ത്തീരങ്ങളില്‍ പുല്‍മേടും തീരവും സമന്വയിച്ചുള്ളതാണ് അടിമലത്തുറ കടല്‍ത്തീരം. ടൂറിസം വികസനത്തിനായി വിനോദ സഞ്ചാരവകുപ്പിന്റെ കോവളം-വിഴിഞ്ഞം-പൂവാര്‍ കോറിഡോര്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശമാണിത്. ഇവിടെ സുരക്ഷാ ക്യാമറകളോ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളുമില്ല. തീരത്ത് അടിമലത്തുറ പള്ളിയുടെ കുരിശ്ശടിക്ക് മുന്നിലായി ആകെയുള്ളത് ഒരു ഹൈമാസ്റ്റ് ലൈറ്റു മാത്രമാണ്. അപായസൂചനാ ബോര്‍ഡുപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. അവധി ദിവസങ്ങളില്‍ കുടുംബങ്ങളായും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമായും നൂറ് കണക്കിന് വിനോദസഞ്ചാരികള്‍ വന്നുപോകുന്ന ഇടവുമാണിത്. സ്വകാര്യ റിസോര്‍ട്ടുകള്‍ തീരത്തിന്റെ ഒരുവശത്തായി അവരുടെ അതിഥികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് ഇതെല്ലാം പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റി. പാടെ വിജനമായ തീരത്ത് അപകടം നടന്നാല്‍ ആരുമറിയാതെ പോവുകയാണ്.
ആകെയുള്ളത് രണ്ട് ടൂറിസം പോലീസുകാര്‍
കോവളം തീരംപോലെ തിരക്കേറാന്‍ സാധ്യതയുള്ള തീരമാണ് അടിമലത്തുറയും. ഇവിടെ സ്വകാര്യ റിസോര്‍ട്ടുകാര്‍ അവരുടെ അതിഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലൈഫ് ഗാര്‍ഡുകള്‍ അല്ലാതെ വിനോദ സഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകള്‍ ഇവിടെയില്ല. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് സ്വകാര്യ റിസോര്‍ട്ടുകാരുടെ ജീവനക്കാരായ ലൈഫ് ഗാര്‍ഡുകള്‍ ഉള്ളത്. രണ്ട് ടൂറിസം പോലീസുകാര്‍ മാത്രമാണ് ഇവിടെയുള്ളത്.
- ആര്‍.പ്രതാപന്‍ നായര്‍, ഫോര്‍ട്ട് അസി.കമ്മിഷണര്‍
അടിക്കടിയുണ്ടാകുന്ന കടല്‍മരണങ്ങള്‍ സൂചിപ്പിക്കുന്നത് അടിമലത്തുറ-ആഴിമല കടല്‍ത്തീരം സുരക്ഷിതമല്ലെന്നുള്ളതാണ്. ഇവിടെ ടൂറീസം പോലീസിന്റെ സേവനമില്ല. ലൈഫ് ഗാര്‍ഡില്ല. തീരത്തു ആകെയുള്ളത് ഹൈമാസ്റ്റ് ലൈറ്റ് മാത്രം. ക്യാമറ സംവിധാനം നിര്‍ബന്ധമായും സ്ഥാപിക്കണം. ആരു വരുന്നു പോകുന്നുവെന്ന് തിരിച്ചറിയാനാവുന്നില്ല. അടിയന്തരമായി സുരക്ഷയൊരുക്കേണ്ട ഇടമാണ് അടിമലത്തുറ-ആഴിമലത്തീരം.
- ത്രേസ്യാ ദാസ്, കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ അടിമലത്തുറ വാര്‍ഡംഗം
കടലറിയാതെ ഇറങ്ങുന്നവരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. തിര കുറവായിരിക്കുമ്പോള്‍ കടലിലിറങ്ങും. പെട്ടെന്ന് വരുന്ന തിരയിലുണ്ടാകുന്ന കടല്‍ച്ചുഴി നില്‍ക്കുന്നയാളിനെ വലിച്ചെടുക്കും. ഒന്ന് ഉയര്‍ന്ന് പൊങ്ങാനുള്ള അവസരംപോലും ഇവര്‍ക്ക് കിട്ടാറില്ല. ഇങ്ങനെയാണ് ആളുകള്‍ തിരയില്‍പ്പെട്ട് മരിക്കുന്നത്.
- ലാസര്‍, മീന്‍പിടിത്ത തൊഴിലാളി, അടിമലത്തുറ സ്വദേശി
:കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ ഇവിടെയെത്തുന്നവരോട് കടലിലിറങ്ങരുതെന്ന് പറഞ്ഞാലും വകവെയ്ക്കാറില്ല. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇവിടത്തെ കടലിന്റെ സ്വഭാവം മാറും. പെട്ടെന്നുണ്ടാകുന്ന കടല്‍ച്ചുഴി അപകടകരമാണ്. വരുന്ന വരോട് പറഞ്ഞാലും അനുസരിക്കാറില്ല. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാലെ ഇവിടത്തെ അപകടമരണം കുറയ്ക്കാനാകു.
- തദയൂസ് ടി., കോസ്റ്റല്‍ വാര്‍ഡന്‍, അടിമലത്തുറ സ്വദേശി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..