തിരുനാവായ: അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല.മഴക്കാലമായാല്‍ മാട്ടുമ്മല്‍ പാടശേഖരങ്ങളില്‍നിന്ന് വരുന്ന വെള്ളം പാറക്കെട്ടില്‍ത്തട്ടി അന്‍പതടിയോളം താഴ്ചയിലേക്കു പതിക്കുന്നത് കാണാന്‍ നിരവധി പേരാണ് എത്തുന്നത്. വര്‍ഷകാലം കഴിയുന്നതുവരെ സഞ്ചാരികള്‍ വെള്ളച്ചാട്ടം കാണാനെത്തും. മഴ ശക്തമായാല്‍ എത്തുന്നവരുടെ തിരക്ക് ഗണ്യമായി കൂടും.

താഴെനിന്ന് വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന വഴിയിലും അപകടസാധ്യതയേറെയാണ്. കുത്തനെയുള്ള ഇറക്കത്തില്‍ കാലൊന്നു തെറ്റിയാല്‍ ചെന്നു പതിക്കുക പാറക്കെട്ടിലാകും. മൂന്നുവര്‍ഷം മുന്‍പ് പെരുന്നാളിന് വെള്ളച്ചാട്ടത്തിനുതാഴെ കുളിച്ചുകൊണ്ടിരുന്ന വെട്ടിച്ചിറ സ്വദേശിയുടെ തലയില്‍ കല്ലു വീണ് മരിച്ചിരുന്നു. പാറക്കല്ലില്‍ത്തട്ടി പരിക്കേല്‍ക്കുന്നതും ഇവിടെ പതിവാണ്. 

ഇതേത്തുടര്‍ന്ന് അന്നത്തെ വളാഞ്ചേരി സി.ഐ. ഷാജിയുടെ നിര്‍ദേശപ്രകാരം ആതവനാട് പഞ്ചായത്ത് വെള്ളച്ചാട്ടം ദൂരെനിന്ന് കാണാവുന്ന വിധത്തില്‍ കമ്പിവേലി കെട്ടിയത്. പോലീസ് അറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. പക്ഷേ, കമ്പിവേലിയും ബോര്‍ഡും നശിപ്പിച്ച നിലയിലാണ്. ഈ ഭാഗത്ത്  രാത്രികാലങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പറയുന്നു. 

വെള്ളച്ചാട്ടം അടുത്തുനിന്ന് കാണുന്നതിനുവേണ്ടി കുട്ടികളടക്കം പാറക്കെട്ടിന് താഴേക്കു പോകുകയും കുളിക്കുകയും ചെയ്യാറുണ്ട്. വലിയ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. ആതവനാട് ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെട്ട ഈ പ്രദേശത്തിന്റെ സുരക്ഷ അധികൃതര്‍ ഗൗരവമായി എടുക്കുന്നില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം കണ്ണുതുറന്നിട്ടു കാര്യമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Content Highlights: ayyappanov waterfalls attract tourist, neglecting danger