അയ്യപ്പനോവ്
തിരുനാവായ: ഈ മഴക്കാലത്തും സുരക്ഷയില്ലാതെ ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടം. സഞ്ചാരികള്‍ വലിയതോതില്‍ വരുമ്പോഴും അപകടങ്ങളുണ്ടാകാതിരിക്കാന്‍ നടപടിയൊന്നുമില്ല. ശക്തമായി പെയ്യുന്ന മഴയില്‍ ഇവിടെയുള്ള പാറക്കൂട്ടങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യത കൂടുതലാണെന്നതാണ് അയ്യപ്പനോവിനെ അപകടകാരിയാക്കുന്നത്.
വളാഞ്ചേരി പോലീസിന്റെ നിര്‍ദേശപ്രകാരം വെള്ളച്ചാട്ടം ദൂരെ നിന്ന് കാണാവുന്നവിധത്തില്‍ ആതവനാട് പഞ്ചായത്ത് കമ്പിവേലി കെട്ടിയിരുന്നു. പോലീസ് അറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. പക്ഷേ, കമ്പിവേലിയും ബോര്‍ഡും ആരോ നശിപ്പിച്ചു.
വെള്ളച്ചാട്ടത്തിന്റെ കാഴ്ച മനോഹരമാണെങ്കിലും വര്‍ഷകാലത്ത് അപകടങ്ങള്‍ പതിയിരിക്കുന്ന സ്ഥലമാണിത്.
മഴക്കാലമായാല്‍ മാട്ടുമ്മല്‍ പാടശേഖരങ്ങളില്‍നിന്ന് വരുന്ന വെള്ളം പാറക്കെട്ടില്‍ത്തട്ടി അറുപതടിയോളം താഴ്ചയിലേക്കു പതിക്കുന്നത് കാണാന്‍ ഒട്ടേറെപ്പേരെത്തും. വര്‍ഷകാലം കഴിയുംവരെ സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. ബലിപെരുന്നാള്‍ ദിനത്തില്‍ കുടുംബസമേതം നൂറുകണക്കിനുപേരാണ് ഇവിടെയെത്തിയത്.
താഴെ നിന്ന് വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന വഴിയിലും അപകടസാധ്യതയേറെയാണ്. പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്താണ് ഈ വഴിയിലൂടെ വരുന്നത്.
കുത്തനെയുള്ള ഇറക്കത്തില്‍ കാലൊന്നുതെറ്റിയാല്‍ ചെന്നു പതിക്കുക പാറക്കെട്ടിലാകും. നാലു വര്‍ഷം മുന്‍പ് പെരുന്നാളിന് വെള്ളച്ചാട്ടത്തിനുതാഴെ കുളിച്ചുകൊണ്ടിരുന്ന വെട്ടിച്ചിറ മുഴങ്ങാണി സ്വദേശിയുടെ തലയില്‍ കല്ല് വീണ് മരിച്ചിരുന്നു. പാറക്കല്ലില്‍ത്തട്ടി പരിക്കേല്‍ക്കുന്നതും പതിവാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..