കൊച്ചി : കേരളം തേടി അന്താരാഷ്ട്ര സഞ്ചാരികൾ വീണ്ടുമെത്താൻ തുടങ്ങുമ്പോൾ നേട്ടമാകുന്നത് ആയുർവേദ മേഖലയ്ക്ക്. കോവിഡനന്തര ചികിത്സയ്ക്കും മറ്റുമായി പലരും ആയുർവേദത്തെ തിരഞ്ഞെടുക്കുന്നതും മേഖലയ്ക്ക് നേട്ടമായിട്ടുണ്ട്. ഇതിനോടകം ആഭ്യന്തര സഞ്ചാരികൾ ആയുർവേദ ചികിത്സയ്ക്കായി കേരളം തേടി എത്തിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ആയുർവേദത്തിനായി എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 15 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

സഞ്ചാരികൾക്കായി പ്രത്യേകം പാക്കേജുകൾ അടക്കം അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ കോവിഡനന്തരം ചികിത്സാ പാക്കേജുകളാണ് ആകർഷണീയം. ഏഴ് ദിവസം മുതൽ ഒരു മാസം വരെയുള്ള പാക്കേജുകൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

ഇതിൽ, കൂടുതൽ പേരും ഒരാഴ്ച നീണ്ടുനിൽക്കുന്ന പാക്കേജുകളാണ് തിരഞ്ഞെടുക്കുന്നത്. ചികിത്സയ്ക്ക് പുറമേ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം സന്ദർശിക്കുന്നതിനാൽ ടൂറിസം വരുമാനത്തിൽ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.

അന്വേഷണങ്ങൾ കൂടുന്നു

2022-ഓടെ അന്താരാഷ്ട്ര സഞ്ചാരികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനോടകം വിദേശ രാജ്യങ്ങളിൽനിന്നുള്ള അന്വേഷണങ്ങൾക്ക് വർധന കൈവരിച്ചിട്ടുണ്ട്. അതേസമയം, പലയിടങ്ങളിലും അന്താരാഷ്ട്ര സഞ്ചാരികൾ എത്തിയിട്ടുണ്ട്. സഞ്ചാരികളെ ആകർഷിക്കാനായി വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാരമ്പര്യആയുർവേദ ടൂറിസം കൂടാതെ ബീച്ച് കേന്ദ്രീകരിച്ചുള്ള ആയുർവേദ ചികിത്സയ്ക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്. വിദേശ സഞ്ചാരികൾ ദിവസം 5,000-7,000 രൂപ വരെ ആയുർവേദ ചികിത്സയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

കേരളത്തിലെ ടൂറിസം വരുമാനത്തിന്റെ 30 ശതമാനം ആയുർവേദ മേഖലയിൽനിന്നാണ്. കോവിഡനന്തര ചികിത്സയ്ക്കായുള്ള വിദേശ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നതോടെ വരുമാനത്തിലും കുതിപ്പ് ഉണ്ടാകും.

കേരളത്തിലേക്ക് നിലവിൽ ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ സഞ്ചാരികൾ ആയുർവേദ ചികിത്സ തേടി എത്തിയിട്ടുള്ളത്. 2022-ൽ അന്താരാഷ്ട്ര സഞ്ചാരികൾ കൂടി എത്തുമെന്നാണ് മേഖല പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളിൽ കേരള ആയുർവേദ ടൂറിസം റോഡ് ഷോകൾ അടക്കം മികച്ച രീതിയിൽ നടത്തിയാൽ ടൂറിസം മേഖലയ്ക്കൊപ്പം ആയുർവേദ മേഖലയ്ക്കും വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് സി.ഐ.ഐ. സെൻട്രൽ ആയുഷ് ഗ്രൂപ്പ് കോ-ചെയർമാനും ധാത്രി ആയുർവേദ മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. സജികുമാർ അറിയിച്ചു.

Content Highlights: ayurveda tourism, ayurveda tourism in Kerala, role of ayurveda in tourism