ഓയൂര്‍: കരിമ്പാറക്കൂട്ടങ്ങള്‍ അതിര്‍ത്തി കാത്ത ഒരു ഗ്രാമം. ആ പാറക്കൂട്ടങ്ങളെ കുടപ്പാറ, കുടകുത്തിപ്പാറ, നാടുകാണിപ്പാറ... അങ്ങനെ നാട്ടുകാര്‍ പേരിട്ടു വിളിച്ചിരുന്നു. ചെറിയ വെളിനല്ലൂര്‍ ആയിരുന്നു ആ ഗ്രാമം. പ്രസിദ്ധിയാര്‍ജിച്ച ആ പാറക്കൂട്ടങ്ങളെ പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നവര്‍ ഇല്ലാതാക്കി. ജനങ്ങളുടെ ശക്തമായ എതിര്‍പ്പും കൂട്ടായ്മകളും ദൈവവിശ്വാസവുമാണ് പിന്നീടങ്ങോട്ട് കടന്നുകയറ്റങ്ങള്‍ തടയുന്നത്. ഇങ്ങനെ സംരക്ഷിക്കപ്പെട്ട പാറകളിലൊന്നാണ് ചെറിയവെളിനല്ലൂര്‍ ആയിരവില്ലിപ്പാറ.

EIA 2020 Logoസമുദ്രനിരപ്പില്‍ നിന്ന് ആയിരത്തിലേറെ അടി പൊക്കമുള്ള പാറയില്‍നിന്നുള്ള കാഴ്ചകള്‍ ആരുടെയും മനം കവരും. ജൈവ-ജന്തു വൈവിധ്യം പുലര്‍ത്തുന്ന ആയിരവില്ലിപ്പാറ ഗ്രാമീണ വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഇടംകൂടിയാണ്. ഗ്രാമീണ ടൂറിസത്തിന് അനുയോജ്യമായ ഭൂപ്രകൃതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് സാധ്യമായതൊന്നും സംഭവിക്കുന്നില്ലെന്നുള്ളതാണ് നാട്ടുകാരുടെ പരാതി. പദ്ധതി നടപ്പായാല്‍ നാടിന്റെ മുഖച്ഛായതന്നെ മാറ്റപ്പെടും. പ്രദേശത്തിന്റെ വികസനത്തിനും നാട്ടുകാരുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതിനും സഹായകമാകുന്ന ടൂറിസം പദ്ധതി നടപ്പില്‍വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സഞ്ചാരികള്‍ക്ക് സൗകര്യങ്ങളൊരുക്കാം

ഓയൂര്‍-ആയൂര്‍ റോഡില്‍ ചെറിയവെളിനല്ലൂര്‍ കവലയ്ക്ക് സമീപമാണ് പാറയുടെ സ്ഥിതി. ഇവിടെ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും. ലുക്ക്ഔട്ട് പോയിന്റുകളും വിശ്രമകേന്ദ്രങ്ങളും കുട്ടികള്‍ക്കുള്ള പാര്‍ക്കും സ്ഥാപിക്കാം. കഫേകളും റൈഡുകളും സ്ഥാപിച്ച് സീസണ്‍ ആകര്‍ഷണീയമാക്കാം.

സസ്യ-ജന്തു വൈവിധ്യം

മറ്റ് പാറകളില്‍ കാണാത്ത സസ്യ-ജന്തു വൈവിധ്യമാണ് ആയിരവില്ലിപ്പാറയിലുള്ളത്. അപൂര്‍വയിനം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വള്ളിപ്പടര്‍പ്പുകളും തീര്‍ത്ത സമൃദ്ധമായ ഒരു പച്ചത്തുരുത്ത് പാറയ്ക്കു മുകളിലുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. കുരങ്ങ്, മയില്‍, വെരുക്, കാട്ടുമുയല്‍, മുള്ളന്‍പന്നി, കുറുക്കന്‍ മുതലായ മൃഗങ്ങളുടെയും വ്യത്യസ്ത ഇനം പാമ്പുകളുടെയും ആവാസകേന്ദ്രംകൂടിയാണ് പാറ. അഞ്ചു വര്‍ഷം മുന്‍പുവരെ കാട്ടുപന്നിയെയും കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

പാറയുടെ പ്രത്യേകതകള്‍

പാറയുടെ മുകള്‍പ്പരപ്പിന് ഏകദേശം അഞ്ചേക്കര്‍ വിസ്തൃതി വരും. പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ചടയമംഗലം ജടായുപ്പാറ വളരെയടുത്ത് വ്യക്തമായി കാണാന്‍ സാധിക്കും. പാറയുടെ കിഴക്കും തെക്കും ഭാഗങ്ങള്‍ വലിയ ഗര്‍ത്തമാണ്. വിനോദസഞ്ചാരത്തിനുതകുന്ന ഏത് പദ്ധതികള്‍ക്കും അനുയോജ്യമാണ് മുകള്‍പ്പരപ്പ്.

ടൂറിസം സാധ്യതകള്‍

ചടയമംഗലം ജടായുപ്പാറയുമായി റോഡ് മാര്‍ഗം 12 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ജടായുപ്പാറയില്‍ എത്തുന്നവര്‍ക്ക് ആയിരവില്ലിയിലും എത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. മലമേല്‍, ചെറിയവെളിനല്ലൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള ആക്കല്‍വട്ടത്തില്‍ തങ്ങള്‍പ്പാറ, ഇവിടെത്തന്നെയുള്ള കല്ലടത്തണ്ണി മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ടിന് രൂപംകൊടുക്കാം. മാത്രമല്ല ജടായു-ആയിരിവില്ലിപ്പാറകള്‍ തമ്മില്‍ ആകാശമാര്‍ഗം അഞ്ച് കിലോമീറ്ററിനുള്ളില്‍ ദൂരം മാത്രമേ വരുകയുള്ളൂ. പാറകള്‍ തമ്മില്‍ ബന്ധിച്ച് റോപ് വേ നിര്‍മിക്കുന്ന കാര്യവും പരിഗണിക്കാം.

P Sajivanചെറിയവെളിനല്ലൂര്‍ ആയിരവില്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനം കുടികൊള്ളുന്ന ആയിരവില്ലിപ്പാറ തകര്‍ക്കാന്‍ അടുത്തകാലത്തുവരെ ശ്രമം നടന്നിട്ടുണ്ട്. മത, ജാതി, രാഷ്ട്രീയ വ്യത്യാസം മറന്ന് നാടിന്റെ ഒത്തൊരുമയില്‍ അത് പരാജയപ്പെടുകയും ചെയ്തു. പ്രകൃതിരമണീയമായ ആയിരവില്ലിപ്പാറ സംരക്ഷിക്കുന്നതോടൊപ്പം ജടായുപ്പാറയുമായി ബന്ധിച്ച് കണക്ടഡ് ടൂറിസം പദ്ധതി നടപ്പാക്കണം. ഇതിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

- പി. സജീവന്‍, പ്രസിഡന്റ്, ചെറിയവെളിനല്ലൂര്‍ ആയിരവില്ലി ക്ഷേത്രസമിതി

S Prasadശ്രീരാമന്റെ ഐതിഹ്യകഥയുമായി ബന്ധമുള്ള ആയിരവില്ലിപ്പാറയില്‍ ടൂറിസം പദ്ധതി നടപ്പായാല്‍ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരമാകും. ചെറുകിട കച്ചവടക്കാര്‍മുതല്‍ കൂലിത്തൊഴിലാളികള്‍ക്കുവരെ പ്രയോജനം ലഭിക്കുന്ന ഗ്രാമീണ വിനോദസഞ്ചാര പദ്ധതി നാട് ഒന്നിച്ചുനിന്ന് നടപ്പാക്കാന്‍ യത്‌നിക്കണം.

- എസ്.പ്രസാദ്, ഓട്ടോ ഡ്രൈവര്‍, ചെറിയ വെളിനല്ലൂര്‍

Rajendraprasadചെറിയവെളിനല്ലൂര്‍ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് ആയിരവില്ലിപ്പാറ ടൂറിസം. ആക്കല്‍വട്ടത്തില്‍ കല്ലടത്തണ്ണിയും ആയിരവില്ലിപ്പാറയും വിനോദസഞ്ചാരത്തിന് ഏറെ സാധ്യത നല്‍കുന്നു. പാറയെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാഫിയയുടെ കൈയേറ്റത്തില്‍നിന്ന് രക്ഷിക്കാം. നാടിന്റെ വികസനത്തിന് കാരണമാകുകയും ചെയ്യും.

- രാജേന്ദ്രപ്രസാദ്, പാലാട്ട്, ചെറിയവെളിനല്ലൂര്‍

Sureshവെളിനല്ലൂര്‍-ഇളമാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ആയിരവില്ലിപ്പാറയില്‍ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്‍ ഇരു പഞ്ചായത്തുകളും മുന്നിട്ടിറങ്ങണം. ഇതിനുവേണ്ടി ജനപ്രതിനിധികളും രംഗത്തുവരണം.

- സുരേഷ്, സത്യ മെറ്റല്‍ വര്‍ക്‌സ്, ചെറിയവെളിനല്ലൂര്‍

Content Highlights: Ayiravilli Para, Kollam Tourism, Jatayupara, Kerala Tourism, EIA 2020, Travel News