ഷാര്‍ജ: ഖോര്‍ഫക്കാനിലെ ഏറ്റവും പുതിയ ആകര്‍ഷണമായ ക്ലൗഡ് ലോഞ്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു. ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഷാര്‍ജ ഭരണകൂടത്തിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയുംചെയ്തു. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലാണ് ക്ലോഡ് ലോഞ്ച് നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് യു.എ.ഇ.യുടെ കിഴക്കന്‍ തീരത്തിന്റെയും ഒമാന്‍ ഉള്‍ക്കടലിന്റെയും വിശാലമായ കാഴ്ചകള്‍ കാണാനാവും.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിനും ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതുമായ പദ്ധതികള്‍ തിരിച്ചറിയുകയും നടപ്പാക്കുകയും ചെയ്യുന്ന സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ജൂലായിലാണ് ഷാര്‍ജ ഭരണാധികാരി ക്ലൗഡ് ലോഞ്ച് ഔദ്യോഗികമായി തുറന്നത്. പെരുന്നാള്‍ അവധിയില്‍ ഏകദേശം 50,000 ആളുകള്‍ സന്ദര്‍ശിക്കുകയും ചെയ്തതായി യു.എ.ഇ.യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. 2020-ലാണ് താമസക്കാര്‍ക്ക് അവധിക്കാലം ആഘോഷമാക്കാനായി എമിറേറ്റുകളുടെ ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രചാരണവും ആരംഭിച്ചിരുന്നു.

cloud lounge

ഏഴ് എമിറേറ്റുകളിലും ഒളിഞ്ഞിരിക്കുന്ന ആകര്‍ഷണങ്ങള്‍ കണ്ടെത്താനുള്ള പര്യവേഷണത്തിന് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനം നേരത്തെ പുറത്തുവിട്ടിരുന്നു. 2030 ആകുമ്പോഴേക്കും ആഭ്യന്തര ടൂറിസത്തിനായി വര്‍ഷംതോറും ചെലവഴിക്കുന്ന തുക ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. ആംഫി തിയേറ്റര്‍, കൃത്രിമ വെള്ളച്ചാട്ടം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ ഖോര്‍ഫക്കാനില്‍ അടുത്തിടെ തുറന്നിരുന്നു. അടുത്തിടെ പുനര്‍നിര്‍മിച്ച റാഫിസ അണക്കെട്ടിലേക്ക് നയിക്കുന്ന മൂന്ന് കിലോമീറ്റര്‍ പര്‍വത പാത ഉള്‍പ്പെടെ കാല്‍നടയാത്ര പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

Content highlights : attractive tourist place cloud lounge uae khor fakkan and sharja government promote tourism