പെരുമണ്ണ: ചാലിയാർപ്പുഴയോടും മാമ്പുഴയോടും ചേർന്നുകിടക്കുന്ന പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ വിനോദസഞ്ചാരസാധ്യതകളേറെയാണ്. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിപങ്കിടുന്ന ചാലിയാറിന്റെ തീരങ്ങളിലും ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മാമ്പുഴയോരങ്ങളിലും പ്രത്യേകപദ്ധതികൾ യാഥാർഥ്യമാക്കിയാൽ കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തിൽ പെരുമണ്ണയ്ക്കും ഇടംകണ്ടെത്താനാവും.

ചാലിയാർ തീരത്ത് വേണ്ടത് പ്രകൃതിക്കിണങ്ങിയ പദ്ധതികൾ

ഗ്രാമപ്പഞ്ചായത്തിലെ എട്ട് (പാറമ്മൽ), ഒമ്പത് (നെരാട്കുന്ന്), പത്ത്(വെള്ളായിക്കോട്) വാർഡുകളാണ് ചാലിയാർപ്പുഴയോട് ചേർന്നുകിടക്കുന്നത്. ഈ ഭാഗങ്ങളിൽ പുഴ പുറമ്പോക്കുഭൂമികൾ ഒട്ടേറെയാണ്.

ഇവ അളന്നുതിട്ടപ്പെടുത്തി പ്രകൃതിക്കിണങ്ങിയ വിനോദസഞ്ചാരപദ്ധതികളാണ് വേണ്ടത്. മലപ്പുറം ജില്ലയിലെ വാഴയൂർ, മൂളപ്പുറം ഭാഗങ്ങളിൽനിന്ന് ചാലിയാർപ്പുഴ കടന്ന് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് വഴി കോഴിക്കോട്ടെത്താൻ എളുപ്പമാണ്.

ഇതുവഴി നേരത്തേ കടത്തുവള്ളങ്ങൾ ഉണ്ടായിരുന്നു. കടത്തുവള്ളങ്ങൾ നിലച്ചതോടെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതിന് ചാലിയാറിനുകുറുകെ ഒരുപാലം വേണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.

ദേശീയപാത അതോറിറ്റി 'ഭാരത് മാല' പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത മലപ്പുറം ജില്ലയിലെ വാഴയൂരിൽനിന്ന് ചാലിയാർപ്പുഴ കടന്ന് പെരുമണ്ണയിലൂടെ കോഴിക്കോട്ടെത്തുമെന്നാണ് അറിയുന്നത്. ഇത് യാഥാർഥ്യമായാൽ ചാലിയാർതീരത്ത് കൊണ്ടുവരുന്ന വിനോദസഞ്ചാരപദ്ധതിക്ക് വൻ സ്വീകാര്യത ലഭിക്കും. പ്രദേശത്തുകാർക്ക് തൊഴിൽസാധ്യതയും ഇതുവഴി വന്നുചേരും.

perumanna

മാമ്പുഴയോരത്ത് ജൈവസമ്പത്തേറെ

ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് (പാറക്കോട്ടുത്താഴം), രണ്ട്(പയ്യടിത്താഴം), ഒന്ന് (പയ്യടിമീത്തൽ), 18 (നെടുംപറമ്പ്) വാർഡുകളാണ് മാമ്പുഴയോട് ചേർന്നുകിടക്കുന്നത്. ജൈവസമ്പത്തേറെയുണ്ട് ഇവിടെ. ഈ ഭാഗങ്ങളിലെ മാമ്പുഴയോരങ്ങളിൽ അളന്നുതിട്ടപ്പെടുത്തിയ പുറമ്പോക്കുഭൂമിയുണ്ട്. ജൈവ ഉദ്യാനം, നടപ്പാത, മാമ്പുഴയിൽ ബോട്ടിങ്, പക്ഷികളുടെ പാർക്ക്, കടവുകളെ പുനരുജ്ജീവിപ്പിച്ച് മത്സ്യബന്ധനത്തിന്റെ കൗതുകവും അറിവും അനുഭവിക്കാനുള്ള അവസരം തുടങ്ങിയവ സാധ്യമാക്കിയാൽ അത് വിനോദസഞ്ചാരികളെ വലിയരീതിയിൽ ആകർഷിക്കും. മാമ്പുഴയോടുചേർന്നുള്ള ജൈവസമ്പത്തിന്റെ കോട്ടകളായ കാവുകളടക്കമുള്ളവയെയും ഉപയോഗപ്പെടുത്താം.

ഗ്രാമപ്പഞ്ചായത്തിനും വരുമാനം

''വിനോദസഞ്ചാരസാധ്യതകൾ വിവിധ പദ്ധതികളിലൂടെ ഉപയോഗപ്പെടുത്തിയാൽ തനത് ഫണ്ട് താരതമ്യേന കുറഞ്ഞ പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിന് വരുമാനവർധനയുണ്ടാക്കിയെടുക്കുന്നതിനും ഉപകരിക്കും. മാമ്പുഴയുടെ നദീതീരവികസനത്തിന്റെ അനന്തസാധ്യതകളും വിനോദസഞ്ചാരത്തിനുള്ള അവസരങ്ങളും ഉപയോഗപ്പെടുത്തണം. മുത്താച്ചിക്കുണ്ടിൽനിന്ന് തുടങ്ങി കല്ലായിപ്പുഴയിൽ അവസാനിക്കുന്ന മാമ്പുഴ അളവറ്റ ജലസമൃദ്ധിയിൽ ഒഴുകുന്ന ദൈർഘ്യമേറിയ ഒന്നാണ്. കൂടാതെ, പുഴയുടെ തീരത്ത് സർവേ ചെയ്തെടുത്ത ഭൂമിയുമുണ്ട്. ഇവ വിനോദസഞ്ചാരത്തിനായി ഉപയോഗപ്പെടുത്തണം. നീന്തൽപരിശീലനകേന്ദ്രങ്ങളും തുടങ്ങാവുന്നതാണ്.''

ടി. നിസ്സാർ, ജനറൽ സെക്രട്ടറി,മാമ്പുഴ സംരക്ഷണസമിതി

നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്

''ചാലിയാർപ്പുഴയുടെയും തീരത്തിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തി പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരപദ്ധതിക്കായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഗ്രാമപ്പഞ്ചായത്ത് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പുഴയോരവും മണൽത്തിട്ടയും പുറമ്പോക്കുഭൂമിയും ഉപയോഗിച്ച് എട്ടിന പരിസ്ഥിതിസൗഹൃദ, ഉത്തരവാദിത്വ ടൂറിസം പദ്ധതികളാണ് സമർപ്പിച്ചത്. മാമ്പുഴയോരത്തെ വിനോദസഞ്ചാരസാധ്യതകൾ ഉപയോഗപ്പെടുത്താനും ജൈവവൈവിധ്യവത്‌കരണപദ്ധതികൾ നടപ്പാക്കാനുമുള്ള തയ്യാറെടുപ്പിലാണ്. തദ്ദേശീയർക്ക് ജോലിസാധ്യതയും പ്രദേശത്തിന്റെ വികസനവും യാഥാർഥ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് മുൻഗണന നൽകും.''

ഷാജി പുത്തലത്ത്,പ്രസിഡന്റ്, പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത്

Content highlights :attracting tourist destination of perumanna border of calicut and malappuram