പുനലൂര്‍: മഴയുടെ അകമ്പടിയില്‍ കരവാളൂരിലെ പിനാക്കിള്‍ വ്യൂ പോയിന്റിലേക്കുവരൂ, നട്ടുച്ചയാണെങ്കിലും മഞ്ഞില്‍ മുങ്ങിയ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാം.

കരവാളൂര്‍ പഞ്ചായത്തിലെ ചേറ്റുകുഴിയെന്ന ഉള്‍ഗ്രാമത്തിലെ കാഴ്ചവിശേഷമാണിത്. കിഴക്കന്‍മേഖലയിലെ ഏറ്റവുമുയര്‍ന്ന പ്രദേശങ്ങളിലൊന്നായ ഇവിടം കോടമഞ്ഞില്‍ മുങ്ങുന്ന വിസ്മയക്കാഴ്ച. സാധാരണ ശൈത്യകാലത്തെ പ്രഭാതങ്ങളിലാണ് ഇവിടം മഞ്ഞില്‍ മുങ്ങാറുള്ളതെങ്കിലും കാലവര്‍ഷം ആരംഭിച്ചതോടെ മഴയോ മഴക്കാറോ ഉള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കുപോലും ഇവിടെ കോടമഞ്ഞിറങ്ങുന്നു.

മലയോര ഹൈവേയിലെ വലിയകുരുവിക്കോണം-വെഞ്ചേമ്പ്-തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും മധ്യേ, ഏക്കര്‍കണക്കായി പരന്നുകിടക്കുന്ന റബ്ബര്‍ എസ്റ്റേറ്റിന് മധ്യത്തായാണ് പ്രകൃതിയുടെ ഈ അതിശയിപ്പിക്കുന്ന കാഴ്ച. പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാനായി ഇവിടത്തെ റബ്ബര്‍ മരങ്ങള്‍ മുറിച്ചതോടെയാണ് ഈ കാഴ്ച അനാവൃതമായത്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സഹ്യപര്‍വതനിരകളുടെ കാഴ്ച കണ്ണിനുകുളിരുപകരും.

കടംകൊണ്ടത് കോളേജിന്റെ പേര്

മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന 'പിനാക്കിള്‍' എന്ന എന്‍ജിനീയറിങ് കോളേജിന്റെ പേരാണ് ഈ സ്ഥലം കടംകൊണ്ടത്. കാഴ്ചകാണാന്‍ എത്തിയവര്‍തന്നെ സ്ഥലത്തിന് ഈ പേര് ചാര്‍ത്തിനല്‍കുകയായിരുന്നു. മലയോര ഹൈവേയടക്കം റോഡുകളിലെല്ലാം ഈ പേരില്‍ സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

പാവങ്ങളുടെ ഊട്ടി, കൊല്ലംകാരുടെ ഗവി, മിനി മൂന്നാര്‍ എന്നിങ്ങനെ നീളുന്നു വിശേഷണങ്ങള്‍. അഞ്ചല്‍-പുനലൂര്‍ പാതയിലെ വലിയകുരുവിക്കോണത്തുനിന്നു നാലുകിലോമീറ്ററും തടിക്കാട്ടുനിന്നു നാലര കിലോമീറ്ററും വെഞ്ചേമ്പ് ചന്തമുക്കില്‍നിന്നു മൂന്നുകിലോമീറ്ററും യാത്രചെയ്താല്‍ ഇവിടെയെത്താം.

കോവിഡ് കാലത്തിനുമുന്‍പ് ദൂരെദിക്കുകളില്‍നിന്നുപോലും ആയിരങ്ങളാണ് ഇവിടെയെത്തിയിരുന്നത്. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ സെപ്റ്റംബറില്‍ ഇവിടെ കാഴ്ചകാണാനെത്തിയ ആയിരങ്ങള്‍ക്ക് പോലീസ് പിഴചുമത്തിയിരുന്നു.

ഭൂമി ലഭ്യമായാല്‍ പദ്ധതി

"സ്വകാര്യതോട്ടത്തിലാണ് പിനാക്കിള്‍ വ്യൂ പോയിന്റ്. ആവശ്യമായ ഭൂമി പഞ്ചായത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വിനോദസഞ്ചാരപദ്ധതി ആരംഭിക്കാം. ആശയം മനസ്സിലുണ്ട്. ശ്രമംനടത്തും."

മുഹമ്മദ് അന്‍സാരി, (വൈസ് പ്രസിഡന്റ് കരവാളൂര്‍ പഞ്ചായത്ത്)

Content highlights : attract tourists in a beautiful view in pinnacle view point punalur chettukuzhi village