അതിരപ്പിള്ളി വെള്ളച്ചാട്ടം | ഫോട്ടോ: സിദ്ദീഖുൽ അക്ബർ മാതൃഭൂമി
അതിരപ്പിള്ളി: പത്തുമാസത്തിന് ശേഷം അതിരപ്പിള്ളി വിനോദസഞ്ചാര മേഖല തുറക്കുമ്പോൾ സഞ്ചാരികൾക്ക് ആഹ്ളാദത്തോടൊപ്പം ആശങ്കയും. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തുറന്ന വിനോദസഞ്ചാര മേഖലയിൽ ആദ്യദിനമെത്തിയത് 1030 പേരാണ്. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയത്. 147 പേർ മാത്രമാണ്. ബാക്കി 883 പേർ നേരിട്ടെത്തി ടിക്കറ്റെടുത്ത് പ്രവേശിച്ചു.
സന്ദർശനത്തിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതും സന്ദർശനത്തിന് ഇഷ്ടപ്പെട്ട സമയം തിരഞ്ഞെടുക്കാമെന്നതും സഞ്ചാരികൾക്ക് സഹായമായി.www.athirappillyvazhachal.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഈ ടിക്കറ്റുമായി പ്രവേശന ടിക്കറ്റ് കൗണ്ടറിലെത്തി പണമടച്ച് ടിക്കറ്റെടുക്കണം.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾത്തന്നെ ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം വൈകാതെ ഏർപ്പെടുത്തും. രാവിലെ ഒൻപതു മണിക്ക് തുടങ്ങുന്ന അഞ്ച് ഷിഫ്റ്റുകളായാണ് സഞ്ചാരികൾക്ക് പ്രവേശനം നൽകിയത്. ഇതോടെ തിരക്ക് കുറയ്ക്കാനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുമാകും എന്നാണ് കരുതുന്നത്. ഷിഫ്റ്റ് സമയത്ത് ഓൺലൈൻ ബുക്കിങ്ങ് വഴി സഞ്ചാരികളില്ലെങ്കിൽ ടിക്കറ്റ് കൗണ്ടറിൽ നേരിട്ടെത്തിയും ടിക്കറ്റ് എടുക്കാം.

തുമ്പൂർമുഴി വിനോദസഞ്ചാരകേന്ദ്രം തുറക്കാത്തതും വാഴച്ചാലിലേക്ക് സഞ്ചാരികളെ വിടാത്തതും വിനോദ സഞ്ചാരികളെ നിരാശരാക്കും. അതിരപ്പിള്ളിയിൽ ജനങ്ങൾ കൂടുതൽ സമ്പർക്കത്തിലുള്ള ഭാഗങ്ങൾ ഇടക്കിടെ അണുവിമുക്തമാക്കും. സഞ്ചാരികൾക്ക് കുടിക്കാൻ ചൂട് വെള്ളവും ലഭ്യമാക്കും.
കോവിഡ് സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വനസംരക്ഷണ സമിതി അംഗങ്ങളും വനപാലകരും ജോലി ചെയ്യുന്നത്. ആകെ ഒന്നര മണിക്കൂർ മാത്രമായിരിക്കും അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ പ്രവേശനം എന്നത് എത്രത്തോളം പ്രാവർത്തികമാകും എന്ന ആശങ്കയുണ്ട്. പ്രവേശന കവാടത്തിൽനിന്ന് വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കും താഴേക്കും നടന്നെത്താൻത്തന്നെ ഏറെ സമയമെടുക്കും.
വിനോദസഞ്ചാരികൾ കൂടുതലെത്തുന്ന അവധി ദിവസങ്ങളിൽ സമയത്തെ പ്രതി സഞ്ചാരികളും വനസംരക്ഷണസമിതി പ്രവർത്തകരും വനപാലകരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതിരപ്പിള്ളിയിൽ പുഴയിൽ ഇറങ്ങാനും സഞ്ചാരികളെ അനുവദിക്കില്ല. അതിരപ്പിള്ളി ഒന്നര മണിക്കൂറിനുള്ളിൽ കണ്ട് തിരിച്ചെത്തുന്ന വിനോദ സഞ്ചാരികൾ ഭൂരിഭാഗവും താഴെ തുമ്പൂർമുഴി വരെയുള്ള ഭാഗങ്ങളിൽ പുഴയിൽ കുളിക്കാനിറങ്ങുന്നതിനാൽ വലിയ അപകടസാധ്യത ഉണ്ട്.
1. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുക.
2.പ്രവേശനത്തിന് ഓൺലൈൻ ബുക്കിങ് www.athirappillyvazhachal.com
3. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശനം രാവിലെ ഒൻപത് മണി മുതൽ 4.30 വരെ മാത്രം.
4. പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും നിരോധിച്ചു.
5. ലഹരിവസ്തുക്കൾ കൊണ്ടു വരുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്.
6. വിനോദ സഞ്ചാര കേന്ദ്രത്തിനകത്ത് ഭക്ഷണ പദാർഥങ്ങൾ,കുപ്പികൾ എന്നിവ വലിച്ചെറിയാതെ മാലിന്യമിടുന്നതിനായി വച്ചിരിക്കുന്ന ബിന്നുകളിൽ മാത്രമിടുക.
7. ഹൃദയസംബന്ധമായ അസുഖമുള്ളവരും മറ്റ് ശാരീരിക അസ്വസ്ഥതകൾ ഉള്ളവരും വെള്ളച്ചാട്ടത്തിന് താഴേക്ക് ഇറങ്ങാൻ പാടില്ല.
8.സഞ്ചാരികൾ ഫോറസ്റ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും വനസംരക്ഷണസമിതി അംഗങ്ങളുടെയും നിർദേശങ്ങൾ അനുസരിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..