അതിരപ്പിള്ളി: വിനോദസഞ്ചാരികൾക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകളിൽ പുഴയിൽ കുളിക്കാനിറങ്ങാം. തിങ്കളാഴ്ച മുതൽ സഞ്ചാരികളെ പുഴയിലിറങ്ങാൻ അനുവദിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടുവർഷം മുൻപാണ് സഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചത്.

പുഴയിൽ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ കയർ കെട്ടി തിരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. കയറിന്റെ അപ്പുറത്തേക്ക്‌ സഞ്ചാരികൾ പോകാൻ പാടില്ല. സഞ്ചാരികൾക്ക് നിർദേശങ്ങൾ നൽകാൻ കൂടുതൽ വനസംരക്ഷണ സമിതി പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പുഴയിലിറങ്ങാൻ അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം വാഴച്ചാൽ ഡി.എഫ്.ഒ. ആർ. ലക്ഷ്മി അറിയിച്ചിരുന്നു.

അതിരപ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ അനുവദിക്കാത്തതിനാൽ സഞ്ചാരികൾ വെറ്റിലപ്പാറ, ചിക്ലായി മേഖലകളിൽ പുഴയിലിറങ്ങി കുളിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകാനോ നിർദേശങ്ങൾ നൽകാനോ ആരും ഉണ്ടായിരുന്നില്ല. അതിരപ്പിള്ളിയിൽ അനുമതി നൽകിയതോടെ വെറ്റിലപ്പാറ മേഖലയിൽ പുഴയിലിറങ്ങുന്ന സഞ്ചാരികളുടെ എണ്ണം കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ContentHighlights: athirappilly waterfalls, good news for travel lovers, kerala tourism, latest malayalam travel news