കോവിഡിൽ നിന്നും ഇന്ത്യ മോചിതമായി സഞ്ചാരികൾ യാത്രകൾ പുനരാരംഭിക്കുന്ന സമയത്ത് രാജ്യത്തെ പൈതൃക കേന്ദ്രങ്ങളിൽ പുതിയ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. അതിന്റെ ഭാഗമായി ഇന്ത്യയിലെ തെരെഞ്ഞെടുത്ത പൈതൃക കേന്ദ്രങ്ങളിൽ സംഗീത പരിപാടികളും ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും നടത്തും.

ആഴ്ചയിലൊരിക്കലായിരിക്കും സംഗീത വിരുന്ന സംഘടിപ്പിക്കുക. ഇതുവഴി കൂടുതൽ സഞ്ചാരികളെ പൈതൃക കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.

നിലവിൽ ഡൽഹിയിലെ പുരാന ഖ്വില ഉൾപ്പെടെയുള്ള 12 പൈതൃക കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള കലാപരിപാടികൾ നടക്കുന്നുണ്ട്. അത് മറ്റുള്ള സഞ്ചാരകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. മുംബൈയിലെ റായ്ഗഢ് കോട്ട, ചെന്നൈയിലെ ഷോർ ടെംപിൾ, ലേയിലെ പാലസ് തുടങ്ങിയ പന്ത്രണ്ടോളം പൈതൃക കേന്ദ്രങ്ങളിലാണ് ഉടൻ പുതിയ പദ്ധതികൾ കൊണ്ടുവരിക.

നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ 3691 ചരിത്ര സ്മാരകങ്ങളുണ്ട്. അതിൽ 143 സ്മാരകങ്ങളിൽ മാത്രമേ ടിക്കറ്റ് വെച്ചുള്ള പ്രവേശനമുള്ളു. ഇവിടങ്ങളിലാണ് ലൈറ്റ് ആൻഡ് ഷോയും സംഗീത സന്ധ്യയുമെല്ലാം ഒരുക്കുക.

Content Highlights: ASI plans to conduct weekly musical events at its sites to promote country's rich cultural heritage