
അഷ്ടമുടിക്കായൽ
അഞ്ചാലുംമൂട് : അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുതകുന്ന രീതിയില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രത്തിനുസമീപം ലേക്ക് വ്യൂയിങ് സെന്ററും ലൈറ്റ്ഹൗസും സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. എട്ടുമുടികളുള്ള (ശാഖകള്‍) അഷ്ടമുടിക്കായലിന്റെ പ്രധാനഭാഗമാണ് വീരദ്രസ്വാമിക്ഷേത്രത്തിനു സമീപത്തേത്.
ഇവിടെ കായലിന്റെ ഇരുകരകളും തമ്മില്‍ നാലുകിലോമീറ്ററോളം അകലമുണ്ട്. ക്ഷേത്രത്തിനുകിഴക്കുഭാഗത്തും അഷ്ടമുടിക്കായലിന്റെ ഒരുശാഖ എത്തുന്നുണ്ട്. അവിടെ കായലിന്റെ പ്രധാനശാഖയും ഉപശാഖയും തമ്മില്‍ 200 മീറ്റര്‍ മാത്രമാണ് അകലം. ഇവിടെ ലേക്ക് വ്യൂയിങ് സെന്റര്‍ സ്ഥാപിച്ചാല്‍ കായലിന്റെ ദൃശ്യഭംഗി നുകരാന്‍ ഉപകരിക്കും.
മത്സ്യത്തൊഴിലാളികള്‍ സന്ധ്യക്ക് തുടങ്ങുന്ന മത്സ്യബന്ധനം പുലര്ച്ചേവരെ തുടരും. കാലവര്‍ഷം ശക്തമാകുന്നതോടെ മത്സ്യബന്ധനം ദുഷ്കരമാകും. ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ തങ്കശ്ശേരിയിലെ ലൈറ്റ്ഹൗസ് മാതൃകയില്‍ ഇവിടെയും ഒരു ലൈറ്റ്ഹൗസ് സ്ഥാപിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം നിലനില്‍ക്കുകയാണ്.
നിലവിലെ ജനപ്രതിനിധികളും വരാന്‍ പോകുന്ന നിയമസഭാസാമാജികരും തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികള്‍. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും കൈകോര്‍ത്താല്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനൊപ്പം അഷ്ടമുടിയിലെ വിനോദസഞ്ചാരമേഖലയ്ക്കും ഉണര്‍വേകാം.
Content Highlights: Ashtamudi tourism Ashtamudi backwater tourism viewing centre light house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..