വടുവന്‍ചാല്‍: കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമായ വയനാട്ടിലെ മീന്‍മുട്ടി സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുമെന്ന പ്രതീക്ഷയില്‍ ഒരുനാട്. വനംവകുപ്പിനുകീഴിലുള്ള ഈ ടൂറിസം കേന്ദ്രം സുരക്ഷാകാരണങ്ങളാല്‍ കഴിഞ്ഞ ഏഴുവര്‍ഷമായി സന്ദര്‍ശകരില്‍നിന്ന് അകന്നിരിക്കുകയാണ്. ടൂറിസം പ്രധാന വരുമാനമാര്‍ഗമായിരുന്ന വടുവന്‍ചാല്‍ പ്രദേശത്തിന്റെ ഇപ്പോഴത്തെ മുരടിപ്പ് മാറാന്‍ കേന്ദ്രം തുറക്കുകയാണ് വേണ്ടതെന്ന് ജനം പറയുന്നു.

കൃഷിയും വിനോദസഞ്ചാരവും സാമ്പത്തിക അടിത്തറയിട്ട വടുവന്‍ചാല്‍ പ്രദേശവാസികള്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. മുന്‍പ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുറക്കുന്നതിനാവശ്യമായ നടപടിയുണ്ടായില്ല. 

വെള്ളച്ചാട്ടം തുറന്നുകൊടുക്കുന്നതിലെ അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുകയാണ്. സൂചിപ്പാറ, കാന്തന്‍പാറ വെള്ളച്ചാട്ടങ്ങള്‍ക്കൊപ്പം ചാലിയാറിലേക്കു വെള്ളമെത്തിക്കുന്നതില്‍ പ്രധാനിയാണ് മീന്‍മുട്ടി.വിനോദസഞ്ചാരികള്‍ കൂടുതലായി വന്നുതുടങ്ങിയ കാലത്ത് ഏറ്റവുമധികം തിരക്കുണ്ടായിരുന്ന വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇത്. സുരക്ഷിതമല്ലാത്ത വെള്ളച്ചാട്ടം എന്നുപേരുകേട്ട മീന്‍മുട്ടി ഇന്നു സഞ്ചാരികളില്‍നിന്ന് വളരെ അകന്നുകഴിഞ്ഞു.

സന്ദര്‍ശകര്‍ ഇപ്പോഴും

മലമുകളില്‍നിന്ന് മൂന്നുതട്ടായി താഴേക്കുപതിക്കുന്ന ഈ ജലധാര ഒരിക്കല്‍ വടുവന്‍ചാല്‍ പ്രദേശത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കിയിരുന്നു. മീന്‍മുട്ടി കാണാന്‍ ഇന്നും സന്ദര്‍ശകര്‍ വരുന്നുണ്ട്. പക്ഷേ, ഏഴുവര്‍ഷംമുമ്പ് വനംവകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും അതുപോലെ തുടരുകയാണ്. ടൂറിസം മേഖലയില്‍ പ്രതീക്ഷവെച്ച വടുവന്‍ചാല്‍ പ്രദേശത്തിന്റെ കഷ്ടകാലം അന്നുതുടങ്ങിയതാണ്.

സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്ന കച്ചവടക്കാര്‍ നിരാശയിലായി. അന്‍പതിലധികം റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികളെത്താത്തത് ഇവര്‍ക്കും തിരിച്ചടിയായി. കേന്ദ്രത്തോടു ചേര്‍ന്ന് വനസംരക്ഷണസമിതി മുഖേന പ്രവര്‍ത്തിച്ചിരുന്ന ഇക്കോ ടൂറിസം പ്രദേശത്തെ നൂറ്റന്‍പതോളം കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗമായിരുന്നു. അതും നിലച്ചു.

ഇപ്പോള്‍ മീന്‍മുട്ടി വെള്ളച്ചാട്ടം തുറക്കുമെന്ന പ്രതീക്ഷ വീണ്ടും സജീവമാണ്. സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായി ആസ്വദിക്കാവുന്നതരത്തില്‍ കേന്ദ്രം തുറന്നാല്‍ വയനാട്ടില്‍ ഏറ്റവുമധികം ടൂറിസ്റ്റുകളെത്തുന്ന കേന്ദ്രമായി വീണ്ടും മീന്‍മുട്ടി മാറും.

Content Highlights: as the tourism sector in kerala is to expect a relaunch, meenmutty have not been opened