ഫോർട്ട്‌കൊച്ചിയിൽ ആരംഭിച്ച ബിനാലെക്കാഴ്ചകൾ
ആഘോഷ ആസ്വാദന നാളുകള്‍ക്ക് തുടക്കമിട്ട് ബിനാലെയുടെ കൊടി ഉയര്‍ന്നു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ക്യൂറേറ്റര്‍ ഇന്ത്യന്‍ വംശജയായ സിങ്കപ്പൂര്‍ കലാകാരി ഷുബിഗി റാവുവാണ് പതാക ഉയര്‍ത്തിയത്. വിദേശത്തുനിന്നുള്‍പ്പെടെയുള്ള കലാകാരന്മാരും കലാസ്‌നേഹികളും ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റിമാരായ ടോണി ജോസഫ്, ലിസി ജേക്കബ്, ബോണി തോമസ് എന്നിവരും പങ്കെടുത്തു.
തുടര്‍ന്ന് ഷുബിഗി റാവുവിന്റെ നേതൃത്വത്തില്‍ നടന്ന കലാകാരന്മാരുള്‍പ്പെടെ പങ്കെടുത്ത വോക്ത്രൂ പരിപാടിയില്‍ കലാവതരണങ്ങളെക്കുറിച്ച് സംവദിച്ചു. അതിജീവനം സാധിക്കുന്നത് എങ്ങനെയെന്നതിന്റെ ആവിഷ്‌കാരമാണ് നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സാധിതമാക്കിയ അഞ്ചാം ബിനാലെയെന്ന് ഷുബിഗി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. എഴുത്തിലൂടെയും മൊഴിയിലൂടെയും വരയിലൂടെയും മഹാമാരിയെത്തുടര്‍ന്നുണ്ടായ ഭയവും ദുസ്സഹ മാനസികാഘാതങ്ങളുമെല്ലാം മറികടക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് ബിനാലെയില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
കോവിഡനന്തര കാലത്ത് ജീവിതാവസ്ഥകള്‍ പുതുക്കി ആവിഷ്‌കരിക്കുന്നതിന്റെ പ്രഖ്യാപനമാണ് ബിനാലെ അഞ്ചാം പതിപ്പെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാകാരന്‍മാര്‍ ജീവിതത്തെ യാഥാര്‍ഥ്യ ബോധത്തോടെ മുന്നോട്ടു നയിക്കുന്നുവെന്നും സര്‍ഗവൈഭവത്തിലും ഹാസ്യത്തിലുമൂന്നി പ്രത്യാശാഭരിതരായിരിക്കുന്നുവെന്നും ബിനാലെയുടെ ഈ പതിപ്പിന്റെ പ്രമേയം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും' എന്ന പ്രമേയത്തില്‍ വിവിധ വേദികളിലായി ഏപ്രില്‍ 10 വരെ നടക്കുന്ന കലാമേളയില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള 88 സമകാലിക കലാകാരന്മാരുടെ സൃഷ്ടികളുണ്ട്. ബിനാലെയുടെ ഭാഗമായി സംവാദങ്ങളും ശില്പശാലകളും നടക്കും. സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതു മുതല്‍ വലിയജനത്തിരക്കാണ് പ്രധാനവേദികളില്‍.
വേദികള്‍ സജീവം
കൊച്ചി: ബിനാലെയുടെ എല്ലാ വേദികളും തുറന്നതോടെ വെള്ളിയാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 10 മണി മുതല്‍ തന്നെ പൊതുജനങ്ങള്‍ക്കായി പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഉള്‍പ്പെടെ എല്ലാ വേദികളും തുറന്നു കൊടുത്തു. ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ് എന്നീ വേദികളാണ് തുറന്നുകൊടുത്തത്. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള ധാരാളം പേര്‍ ബിനാലെ ആസ്വദിക്കാനെത്തി. രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവേശനം. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിരക്കില്‍ ഇളവുണ്ട്. യഥാക്രമം 50ഉം 100ഉം രൂപ വീതമാണ് ഇവരുടെ നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപയും പ്രതിമാസ നിരക്ക് 4000 രൂപയുമാണ്.
ബിനാലെ ടിക്കറ്റുകള്‍ ആസ്പിന്‍വാള്‍ ഹൗസിലെ കൗണ്ടറിനു പുറമേ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലെ ഇടം വേദിയില്‍ പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ്‌സ് ബിനാലെ, കേരളത്തിലെ കലാകാരന്മാരുടെ ഇടം പ്രദര്‍ശനം, ക്ഷണിക്കപ്പെട്ട കലാപ്രദര്‍ശനങ്ങള്‍ എന്നിവയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഞാറയ്ക്കല്‍, കടമക്കുടി എന്നിവിടങ്ങളിലായി തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള ആര്‍ട്ട് റൂമുകളും സജീവമാണ്.
Content Highlights: As Kochi-Muziris Biennale begins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..