സസക്‌സ്: ഇംഗ്ലണ്ടിലെ അതിപ്രശസ്തമായ അറന്‍ഡല്‍ കൊട്ടാരത്തില്‍ നിന്നും 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 10 കോടി രൂപ) വിലമതിക്കുന്ന പുരാവസ്തുക്കള്‍ അപഹരിക്കപ്പെട്ടു. സഞ്ചാരികള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന അറന്‍ഡല്‍ കൊട്ടാരം വെസ്റ്റ് സസക്‌സിലാണ് സ്ഥിതി ചെയ്യുന്നത്.

ക്വീന്‍ ഓഫ് സ്‌കോട്ടായ മേരി ഉപയോഗിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 850 വര്‍ഷത്തോളം പഴക്കമുള്ള മറ്റ് അമൂല്യ വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. 1587-ല്‍ മേരി ഉപയോഗിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആഭരണങ്ങള്‍ക്ക് വിലമതിക്കാന്‍ പോലുമാകില്ലെന്ന് കൊട്ടാരം അധികൃതര്‍ വ്യക്തമാക്കി. 

16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച സ്വര്‍ണ, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയിലാണ് മോഷണം നടന്നത്. 

കോവിഡ് മൂലം സഞ്ചാരികള്‍ക്ക് ഇപ്പോള്‍ കൊട്ടാരത്തിലേക്ക് പ്രവേശനമില്ല. 1067-ല്‍ റോജര്‍ ഡി മോണ്ടോമെറിയാണ് ഈ കൊട്ടാരം നിര്‍മിച്ചത്. 

Content Highlights: Artefacts worth $1.4 million stolen from an English castle