അരൂർ: വർഷം നാല് കഴിഞ്ഞു അരൂക്കുറ്റിയിലെ ഹൗസ് ബോട്ട് ടെർമിനൽ പൂർത്തിയായിട്ട്. ചെലവിട്ടതാകട്ടെ ഒന്നരക്കോടി രൂപയ്ക്കടുത്ത്. എന്നിട്ടും ഇതൊന്ന് തുറക്കാനായില്ല. സർക്കാരിലെ രണ്ട് വകുപ്പുകൾക്കിടയിലെ ചെറിയൊരു പ്രശ്‌നമാണു തടസ്സം. ഇതൊന്ന് നീക്കിക്കിട്ടിയില്ലെങ്കിൽ വിനോദസഞ്ചാരത്തിനു വഴിെവക്കുന്ന ഈ പദ്ധതി പ്രയോജനരഹിതമാകും. പഴയ അരൂക്കുറ്റി ജെട്ടിയോടു ചേർന്ന്‌ പണിതീർത്തതാണ് ഹൗസ് ബോട്ട് ടെർമിനൽ. 15-ഓളം ബോട്ടുകൾ അടുപ്പിക്കാൻ സൗകര്യം. പക്ഷേ, ഇങ്ങനെ അടുക്കുന്ന ബോട്ടുകളിൽ കയറാനോ ഇറങ്ങാനോ ടെർമിനലിനിപ്പുറം ഒരു വഴിതടസ്സമുണ്ട്. എക്‌സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് സ്ഥലം ഇതേവരെ വിട്ടുനൽകാത്തതാണ് പ്രശ്‌നം. ഒരിക്കൽ എക്‌സൈസ്-ടൂറിസം മന്ത്രിമാർ ഇക്കാര്യത്തിൽ ധാരണയായിരുന്നു. എന്നാൽ, ഫയൽ എത്തിയപ്പോൾ ഒരു ഉന്നതോദ്യോഗസ്ഥൻ ഒരു കുറിപ്പുവെച്ചു. നൽകുന്ന സ്ഥലത്തിനു പകരം സ്ഥലം വേണം. ഇതോടെ ഈ സ്ഥലം കൂടി ഏറ്റെടുത്ത് നടത്താൻ നിശ്ചയിച്ച പദ്ധതികൾ അവതാളത്തിലായി.

സ്ഥലം കിട്ടിയിരുന്നെങ്കിൽ

എക്‌സൈസിന്റെ സ്ഥലം ലഭിച്ചിരുന്നെങ്കിൽ ഇവിടം ആകെ മാറിപ്പോയേനെ. കാരണം പാർക്ക്, റിസപ്ഷൻ ബ്ലോക്ക്, വാഹന പാർക്കിങ് ഏരിയ, നടപ്പാത എന്നിവയെല്ലാം വിഭാവനം ചെയ്തിരുന്നു. 1.65 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാരിന്റെ മെഗാ സർക്യൂട്ട് ടൂറിസം പദ്ധതിയിൽ നീക്കിെവച്ചത്. എന്നാൽ, സ്ഥലം ലഭിക്കാത്തതോടെ പദ്ധതി പൂർണമായും നടപ്പായില്ല. കേരള ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷന്റെ നേതൃത്വത്തിലായിരുന്നു ടെർമിനൽ നിർമാണം.

House boat terminal 2
അരൂക്കുറ്റിയിൽ പൂർത്തീകരിച്ച ഇനിയും തുറക്കാത്ത ഹൗസ് ബോട്ട് ടെർമിനൽ

സാധ്യതകളേറെ

കായൽ ടൂറിസം പദ്ധതിയുടെ സാധ്യതകളേറെയുണ്ടിവിടെ. കൊച്ചിയിൽനിന്ന്‌ വിനോദസഞ്ചാരികൾക്കു കായൽമാർഗവും റോഡ് മാർഗവും അരൂക്കുറ്റിയിൽ എത്താൻ കഴിയും. അതും അര മണിക്കൂർ കൊണ്ട്. ആഡംബരക്കപ്പലുകളിൽ എത്തി ഒരു ദിവസം മാത്രം കരയിൽ തങ്ങുന്ന സഞ്ചാരികൾക്ക് ഇവിടം ഏറെ അനുകൂലവുമായിരുന്നു. ഒപ്പം കായൽ തുരുത്തുകളുടെ സൗന്ദര്യവും ഇവിടെ നുകരാം. ഈ ടെർമിനലിൽനിന്ന് നോക്കിയാൽ കാണാവുന്ന മൂന്ന് ചെറു ദ്വീപുകളുണ്ട്.

സൗകര്യങ്ങൾ ഇങ്ങനെ

15 ബോട്ടുകൾ അടുപ്പിക്കാവുന്ന ടെർമിനലിലെ സൗകര്യങ്ങളിവയാണ്: യാത്രക്കാർക്ക് ഉപയോഗിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്‌ലെറ്റുകൾ, ഒന്നാം നിലയിൽ ഇരു ഭാഗത്തും കാഴ്ചകൾ ആസ്വദിക്കാനുള്ള വാച്ച് ടവർ, വിശ്രമിക്കാനുള്ള സ്ഥലം, കഫറ്റീരിയ എന്നിവയുണ്ട്. ഫ്രാൻസിൽ നിന്നെത്തിച്ച ടെൻസൈൽ റൂഫിങ്‌ ആണ് ഈ ടെർമിനലിന്റെ മറ്റൊരാകർഷണം. ടെർമിനലിന്റെ മധ്യഭാഗത്താണിത്.

Houseboat Terminal 3
ടെർമിനലിന് മുൻഭാഗത്ത് കാടു കയറിക്കിടക്കുന്ന എക്‌സൈസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം

ഒന്നും പറയാറായിട്ടില്ല

എക്‌സൈസിന്റെ സ്ഥലം ലഭിക്കുമോ എന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണു ലഭിക്കുന്ന വിവരം. ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയ കുറിപ്പ് ഒഴിവാക്കി വകുപ്പുകൾ തമ്മിൽ സ്ഥലം കൈമാറ്റം ചെയ്യാനാണു നീക്കം. പക്ഷേ, അത് എപ്പോൾ ആകും എന്ന് പറയാറായിട്ടില്ല.

Content Highlights: Arookkutty house boat terminal, features of house boat terminal, malayalam travel news