കടലിലെയും കായലിലെയും നാട്ടരുവികളിലെയും മീനുകളെ അടുത്തു കാണാന്‍ തിരുവനന്തപുരം മൃഗശാലയില്‍ സൗകര്യമൊരുങ്ങുന്നു. നവീകരിച്ച അക്വേറിയത്തിലാണ് ഇവയെ പ്രദര്‍ശിപ്പിക്കുന്നത്. വര്‍ണം വിതറുന്ന അലങ്കാരവിളക്കുകളുടെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം.

രാവിലെ പത്തുമുതല്‍ രാത്രി ഒന്‍പതുവരെ പ്രദര്‍ശനം കാണാം. കായലിലെ പേള്‍ സ്‌പോട്ടെന്ന കരിമീന്‍, കടല്‍ മീനുകളായ പാകിസ്ഥാനി, ചിത്രശലഭ മീന്‍, റക്കൂണ്‍, എയ്ഞ്ചല്‍ മീനിന്റെ വിവിധ വകഭേദങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ചെറുതും വലുതുമായ 21 ടാങ്കുകളിലാണ് വര്‍ണമത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നത്. ശുദ്ധജല മീനുകളായ ഗോള്‍ഡ് ഫിഷിന്റെ ഇനങ്ങളായ ടെലിസ്‌കോപ്, റാഞ്ചു, കോമറ്റ് തുടങ്ങിയ വിവിധയിനങ്ങളും പ്രദര്‍ശിപ്പിക്കും.

ഇതുകൂടാതെ മീന്‍ കൂടുകള്‍ ഒരുക്കുന്നതിന് ആവശ്യമായ പവിഴപ്പുറ്റുകള്‍, പായലുകള്‍ എന്നിവയും ടാങ്കിലൊരുക്കുന്നുണ്ട്. കൊഞ്ച് വര്‍ഗത്തിലെ വിവിധയിനങ്ങള്‍, ശുദ്ധജല മീനുകളായ  പൂച്ച മീന്‍, ചുവന്ന വാലുള്ള പൂച്ച മീന്‍, മുയല്‍ മീന്‍ ഇങ്ങനെയുള്ള അപൂര്‍വ്വ മീനുകളുടെ നീണ്ടനിര തന്നെ പുതിയ അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കും. കേന്ദ്ര മൃഗശാല അതോറിറ്റിയൂടെ നിര്‍ദേശപ്രകാരമാണ് പഴയ പാമ്പിന്‍ കൂട്ടില്‍ അക്വേറിയം സജ്ജമാക്കിയത്. ഒരു കോടി 70 ലക്ഷമാണ് മൊത്തം ചെലവ്. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ അക്വേറിയത്തിന് പുറത്ത് മീനുകളുടെ ശില്‍പ്പങ്ങളും നിര്‍മിച്ചിട്ടുണ്ട്.