Photo: twitter.com/incredibleindia
ഏറെ സ്വാദിഷ്ടമായ ഒരു പഴമാണ് ആപ്രിക്കോട്ട്. ആപ്രിക്കോട്ട് പഴങ്ങളുണ്ടാകുന്ന മരങ്ങള്‍ പൂത്ത് നില്‍ക്കുന്നത് അതി മനോഹരമായ കാഴ്ചയാണ്. മനംകുളിര്‍ക്കുന്ന ഈ ആപ്രിക്കോട്ട് വസന്തം കാണാന്‍ വിദേശങ്ങളില്‍ ഒന്നും പോവേണ്ടതില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയുടെ പറുദീസയില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആപ്രിക്കോട്ട് പൂക്കാലം ആരംഭിക്കുകയായി.
വസന്തകാലത്തെ വരവേല്‍ക്കാന്‍ കശ്മീരില്‍ നടക്കാറുള്ള ഉത്സവങ്ങളിലൊന്നാണ് ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവല്‍. ലേ-ലെഡാക്കിലെ മഞ്ഞ് മരുഭൂമിയില്‍ നടക്കാറുള്ള ഈ ഉത്സവം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇത്തവണ ഏപ്രില്‍ നാല് മുതല്‍ ഏപ്രില്‍ 14 വരെയാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. ലോകത്തിലെ ഏറ്റവും സവിശേഷവും മധുരമുള്ളതുമായ ചില ആപ്രിക്കോട്ട് ഇനങ്ങളുണ്ടാവുന്നത് ലഡാക്കിലാണ്.
ഈ സമയത്ത് ലഡാക്കിലെ പല പ്രദേശങ്ങളും ആപ്രിക്കോട്ട് പൂക്കളാല്‍ നിറയും. നൂറുകണക്കിന് പിങ്ക്, വെള്ള നിറത്തിലുള്ള കുഞ്ഞ് ആപ്രിക്കോട്ട് പൂക്കള്‍ ലഡാക്കിലെ ഭൂപ്രകൃതിയില്‍ പൂത്ത് നില്‍ക്കുന്നത് മനംനിറയ്ക്കുന്ന കാഴ്ചയാണ്. പൂക്കള്‍ ഏറെക്കാലം നില്‍ക്കാത്തതിനാല്‍ തന്നെ ഈ കാഴ്ച പെട്ടെന്ന് അവസാനിക്കുകയും ചെയ്യും.
ലഡാക്ക് ടൂറിസം വകുപ്പാണ് ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലിന്റെ സംഘാടകര്‍. ലഡാക്കിലെ പ്രധാന സ്ഥലങ്ങളിലെല്ലാമുള്ള ആപ്രിക്കോട്ട് തോട്ടങ്ങളാണ് പ്രധാനമായും ഫെസ്റ്റിവലിന് വേദിയാവുക. ഈ പ്രദേശത്തെ മിക്കവാറും വീടുകള്‍ക്ക് മുന്‍പിലും ആപ്രിക്കോട്ട് മരങ്ങള്‍ പൂത്ത് നല്‍ക്കും. ഏപ്രിലിലെ സുഖകരമായ കാലാവസ്ഥയില്‍ ആപ്രിക്കോട്ട് വസന്തത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. അതിമനോഹരമായ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ നിരവധി ഫോട്ടോഗ്രാഫര്‍മാരും ഈ സമയത്ത് ലഡാക്കിലെത്തും.
ലഡാക്ക് ജനതയുടെ സാംസ്‌കാരിക പാരമ്പര്യം വെളിപ്പെടുത്തുന്ന നിരവധി കലാപരിപാടികളും പ്രദര്‍ശനങ്ങളും ഫെസ്റ്റിവലിന് അനുബന്ധമായി നടക്കും. ആപ്രിക്കോട്ട് ജാം, ഡ്രൈ ഫ്രൂട്ട്, ജ്യൂസുകള്‍, വൈന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ രുചിക്കുകയും വാങ്ങുകയും ചെയ്യാം. ജപ്പാനിലെ ചെറി ബ്ലോസത്തിന് സമാനമായി വസന്തകാലത്ത് ഇന്ത്യയില്‍ നടക്കുന്ന അതിമനോഹരമായ ആഘോഷങ്ങളില്‍ ഒന്നുതന്നെയാണ് ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവല്‍.
Content Highlights: Apricot Blossom Festival in Ladakh in April
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..