ഒറ്റപ്പാലം: ആഘോഷകാലങ്ങളില്‍ ഒറ്റപ്പാലം അനങ്ങന്‍മലയിലെ ഇക്കോടൂറിസം കേന്ദ്രത്തില്‍ ആസ്വാദകരുടെ തിരക്കുണ്ടാകാറുണ്ട്. പെരുന്നാള്‍, ഓണക്കാലങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെള്ളച്ചാട്ടം കാണാനും മല കയറാനും കുടുംബത്തോടെ ആളുകളെത്തും. ഇപ്പോള്‍ മഴ കൂടി പാറക്കെട്ടിലൂടെ വെള്ളമൊഴുകാന്‍ തുടങ്ങിയിട്ടും ഇക്കോടൂറിസം കേന്ദ്രത്തില്‍ ആരുമില്ല. കോവിഡുകാലം കഴിഞ്ഞ് അനങ്ങന്‍മലയെത്തേടി ആളുകളെത്തുമ്പോഴേക്കും ഇക്കോടൂറിസം കേന്ദ്രത്തിന്റെ മുഖം സുന്ദരമാക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. 20 ലക്ഷംരൂപ ചെലവിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഒറ്റപ്പാലം വനംവകുപ്പ് റേഞ്ച് ഓഫീസര്‍ ജമാലുദ്ദീന്‍ ലബ്ബ പറഞ്ഞു.

പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം

അനങ്ങന്‍മലയിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രധാനപ്രശ്‌നം പാര്‍ക്കിങ്ങിനുള്ള സ്ഥലപരിമിതിയാണ്. ചെറിയ റോഡില്‍ വാഹനങ്ങളുമായെത്തിയാല്‍ അനങ്ങാന്‍ സ്ഥലമില്ലാത്ത സ്ഥിതി. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയാണ്. കവാടത്തിനടുത്ത് 30 കാറുകള്‍ക്ക് നിര്‍ത്താനാവശ്യമായ സ്ഥലമാണ് ഇപ്പോള്‍ സജ്ജമാക്കുന്നത്.

Anangan Mala 1
അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ
മലയിടുക്കിലൂടെയുള്ള പാലം പെയിന്റടിച്ച് മനോഹരമാക്കിയപ്പോൾ

ഇനിയുമുണ്ട് സൗകര്യം

മേല്‍ക്കൂര തകര്‍ന്ന പഴയ ടിക്കറ്റ് കൗണ്ടര്‍ മാറ്റി പുതിയ കൗണ്ടര്‍ നിര്‍മാണം തുടങ്ങി. ഇവിടെ ഒരു ഇക്കോ ഷോപ്പും കാന്റീനും തുടങ്ങും. ഒപ്പം ട്രക്കിങ്ങിനെത്തുന്നവര്‍ക്ക് പിടിച്ചുകയറാന്‍ കുറച്ചുകൂടി കൈവരികളും മലയ്ക്കുമുകളില്‍ സ്ഥാപിക്കാന്‍ തുടങ്ങി. അനങ്ങന്‍, കൂനന്‍മലകളെ ബന്ധിപ്പിക്കുന്ന പാലം തുരുമ്പുപിടിച്ച സ്ഥിതിയിലായിരുന്നു. ഇത് പെയിന്റ് ചെയ്ത് ഭംഗിയാക്കുന്നുണ്ട്.

വരുമാനം അരലക്ഷം രൂപ

കഴിഞ്ഞ ഓണത്തിരക്കില്‍ ഉത്രാടംമുതല്‍ ചതയംവരെയുള്ള നാലുദിവസത്തിനിടെ 2,373 പേരാണ് അനങ്ങന്‍മലയിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയത്. ഇത്രയുംപേരില്‍ നിന്നായി 55,420 രൂപ ഫീസിനത്തില്‍ ലഭിച്ചിരുന്നു. ഇത്തവണ ഓണക്കാലത്ത് ആര്‍ക്കും പ്രവേശനമുണ്ടാകാനിടയില്ല.

Content Highlights: Anganmala Eco Tourism Center, Palakkad Tourism, Travel News