-
വര്‍ക്കല: പാപനാശം കുന്നിന്റെ നെറുകയില്‍നിന്നു തീരഭംഗിയും അസ്തമയക്കാഴ്ചയും ആസ്വദിച്ച് വിഖ്യാത സാഹിത്യകാരന്‍ ആന്ദ്രെ കുര്‍ക്കോവും സംഘവും. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്തശേഷമാണ് വര്‍ക്കല പാപനാശം കുന്നിന്റെയും തീരത്തിന്റെയും മനോഹാരിത ആസ്വദിക്കാന്‍ സംഘമെത്തിയത്.
യുക്രൈൻ, റഷ്യന്‍ സാഹിത്യകാരന്‍ ആന്ദ്രെ കുര്‍ക്കോവ്, മകന്‍ തിയോ കുര്‍ക്കോവ്, ഗയാനയില്‍നിന്നുള്ള എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ ലൂക്ക് ഡാനിയല്‍സ്, ഘാനയില്‍ നിന്നുള്ള എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജൂറി ചെയര്‍പേഴ്‌സണുമായ മാര്‍ഗരറ്റ് ബസ്ബി എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ടോടെ പാപനാശത്തെത്തിയത്. വര്‍ക്കല സ്വദേശിയും മാതൃഭൂമി അക്ഷരോത്സവം ഡയറക്ടറുമായ സബിന്‍ ഇക്ബാല്‍ ഇവര്‍ക്ക് ആതിഥ്യമരുളി.
5.45ഓടെ സംഘം ഹെലിപ്പാഡിലെത്തുമ്പോള്‍ സൂര്യന്റെ ചൂടാറിയിരുന്നില്ല. കുന്നില്‍നിന്നു കടലും തീരവും ഇവര്‍ ആവോളം ആസ്വദിച്ചു. വിനോദസഞ്ചാരരംഗത്ത് വര്‍ക്കലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്.
നാലുപേരും ആദ്യമായാണ് വര്‍ക്കലയിലെത്തുന്നത്. പാപനാശത്തെ കാഴ്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ വണ്ടര്‍ഫുള്‍ എന്നായിരുന്നു ആന്ദ്രെ കുര്‍ക്കോവിന്റെ പ്രതികരണം. ഗയാനയിലെപ്പോലെയുള്ള ബീച്ചും തെങ്ങുകളുമാണ് ഇവിടെയും കാണാനായതെന്ന് ലൂക്ക് ഡാനിയല്‍സ് അഭിപ്രായപ്പെട്ടു.
പ്രതീക്ഷച്ചതിനേക്കാള്‍ മനോഹരമെന്നായിരുന്നു ഏവരുടെയും അഭിപ്രായം. അസ്തമയസൂര്യന്റെ സാന്നിധ്യത്തില്‍ ചിത്രങ്ങളെടുത്തും കാഴ്ചാനുഭവം പങ്കിട്ടും സായംസന്ധ്യ സംഘം ആസ്വാദ്യകരമാക്കി.
സന്ധ്യകഴിഞ്ഞതിനാല്‍ കടലില്‍ കുളിക്കാനുള്ള മോഹം ഉപേക്ഷിച്ചു. ചൊവ്വാഴ്ച രാത്രി വര്‍ക്കലയില്‍ തങ്ങി ബുധനാഴ്ച രാവിലെ തീരത്തെത്തി കടലിന്റെ സൗന്ദര്യംകൂടി ആസ്വദിച്ചശേഷം സംഘം മടങ്ങും.
Content Highlights: Andrey Kurkov visits Papanasham Varkala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..