വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്തിനടുത്തുള്ള പ്രാചീനക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനാസ്ഥകാരണം മൺമറയുന്നു. പുനർനിർമിക്കുമെന്ന് അറിച്ചിയിരുന്നെങ്കിലും അധികൃതർ നടപടികളെടുക്കുന്നില്ല. കാടും പടർപ്പും കയറി കാണാതായ ക്ഷേത്രം നാട്ടുകാർ മാലിന്യങ്ങൾ കൊണ്ടിടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്.

'കുഴിച്ചപ്പോൾ കണ്ട ക്ഷേത്രം' എന്നാണ് ക്ഷേത്രത്തെക്കുറിച്ച് ദേവസ്വം ബോർഡിന്റെ രേഖയിൽ പരാമർശിക്കുന്നത്. ശിവലിംഗവും വിഷ്ണുവുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. ഇവയിൽ വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം കനത്തമഴയിൽ പാടെ തകർന്നുവീണു. ഇതിനു സമീപത്തുള്ള ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രവും തകർച്ചയുടെ വക്കിലാണ്. വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രം തകർന്നു വീണതിനുശേഷം ഇതിനു ചുറ്റും കാടുംപടർപ്പും പടർന്നുപിടിച്ചു. ഇതോടെ ഇവിടത്തെ ക്ഷേത്രങ്ങൾ പുറത്ത് കാണാത്തനിലയിലായി. താഴിട്ട് പൂട്ടിയതോടെ നാട്ടുകാർ ഇതിനുമുന്നിൽ കടകൾ കെട്ടിമറച്ചു. സമീപത്തുള്ള ആൽമരത്തിന്റെ വേരുകൾ ക്ഷേത്രത്തിലേക്ക് വളർന്നിറങ്ങിയിട്ടുമുണ്ട്.

ancient temple

ക്ഷേത്രം തകർന്നുവീണതറിഞ്ഞ് അന്നത്തെ ദേവസ്വം ബോർഡംഗവും ബന്ധപ്പെട്ടവരുമെത്തി സ്ഥലം സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിന്റെ പ്രാചീനത നിലനിർത്തി അടിയന്തരമായി പുനർനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രവളപ്പിന് ചുറ്റുമുള്ള വീടുകളിൽനിന്ന് ഗാർഹിക അവശിഷ്ടങ്ങൾ കൊണ്ടിടുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. അടുത്തകാലം വരെ ഇവിടെ പൂജകൾ നടത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു.

നാലുവർഷം മുമ്പ് ദേവസ്വം ബോർഡധികൃതരെത്തി ഇവിടെ പ്രമുഖ തന്ത്രിയുടെ സാന്നിധ്യത്തിൽ ദേവപ്രശ്നവും നടത്തിയിരുന്നു. പുരാവസ്തുവിന്റെ രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ ക്ഷേത്രത്തിനു അടമാനം വേണമെന്നും അന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡെന്നെഴുതിയുള്ള ഗേറ്റ് മാത്രം സ്ഥാപിച്ചു. എന്നാൽ, അധികം ഭക്തർ ഇല്ലാത്തതും വരുമാനക്കുറവും കാരണം ഈ ക്ഷേത്രത്തെ ദേവസ്വം ബോർഡ് പൂർണമായും തഴഞ്ഞുവെന്നാണ് ആരോപണം.

ancient temple

ആയ് രാജാക്കൻമാരുടെ കാലത്താണ് ക്ഷേത്രം നിർമിച്ചതെന്ന് ദേവസ്വം ബോർഡിന്റെ രേഖകളിലുള്ളത്. ചോള-പാണ്ഡ്യ-ആയ് രാജവംശങ്ങളുടെ കാലഘട്ടങ്ങളെ സമന്വയിപ്പിച്ചുള്ള ചിത്രപ്പണികളും ശില്പങ്ങളും ഇവിടത്തെ കരിങ്കല്ല് ഭിത്തികളിൽ കാണാം.

Content highlights :ancient temple of vizhinjam being destroyed and waste dumping place