കൊല്ലം: റവന്യൂവകുപ്പും വിനോദസഞ്ചാരവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒത്തൊരുമിച്ച് മനസ്സുവെച്ചാൽ ആനയംപാറ നല്ലൊരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാം. സാധ്യതകളേറെയുണ്ടെങ്കിലും വർഷങ്ങളായി അനാഥമായിക്കിടക്കുകയാണ്‌ ഇവിടം.

പണ്ട് മാനംമുട്ടെ ഉയരത്തിലുള്ള കൂറ്റൻ പാറയായിരുന്നു ഇത്. ദിവസവും അറുനൂറോളം തൊഴിലാളികൾ പണിയെടുത്തിരുന്ന പാറമട. ഭൂമിതുരന്ന് പാറപൊട്ടിച്ച് ഇപ്പോൾ നാല്പതടി താഴ്ചയുള്ള മൂന്നേക്കറോളം വരുന്ന കുളമായി. ജി.പി.സ്റ്റേഷനായതിനാൽ പൊട്ടിക്കാതെ രക്ഷപ്പെട്ട പാറയും അവശിഷ്ടങ്ങളുമെല്ലാംചേർന്ന് പ്രകൃതിയിൽ പൂർത്തിയാകാത്ത ഒരു ചിത്രംപോലെ കിടക്കുകയാണിവിടം.

ഏഴേക്കറോളം വരുന്ന ഈ റവന്യൂ ഭൂമിയെ സാഹസിക വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാം. ഷൂട്ടിങ് റേഞ്ചിനു പറ്റിയ ഇടമാണെന്നു കണ്ടെത്തി എൻ.സി.സി.യും ഈ സ്ഥലത്തോട് താത്പര്യം കാണിച്ചിരുന്നു. എന്നാൽ, റവന്യൂ വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ നടന്നില്ല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പദ്ധതി തയ്യാറാക്കിയിരുന്നു. ഫണ്ടിന്റെ അഭാവത്താൽ അതും നടന്നില്ല.

കുളത്തെ ചുറ്റി പാർക്ക്, പാർക്കിലൂടെ കുട്ടികൾക്കുള്ള തീവണ്ടി, ബോട്ടിങ്, നീന്തൽ പരിശീലനകേന്ദ്രം, റോക്ക് ക്ളൈംബിങ് പരിശീലനം, ചെറിയ ട്രെക്കിങ് പാത്ത്, കയാക്കിങ്, കുട്ടവഞ്ചി തുടങ്ങിയവ ഏർപ്പെടുത്താം. മുകളിൽ കയറി മലമുകളിൽ ഇരുന്നാൽ തെളിഞ്ഞ അന്തരീക്ഷത്തിൽ കിഴക്ക് സഹ്യപർവതനിരകളും പടിഞ്ഞാറ് അറബിക്കടലും കാണാം. ഉദയാസ്തമയസൗന്ദര്യം നുകരാം.

ഔഷധച്ചെടികളും പാറമടകളിലെ ജൈവവൈവിധ്യവും കണ്ടറിയാം. കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിൽനിന്നുള്ളവർക്കെല്ലാം സായാഹ്നം ചെലവഴിക്കാൻ ഒരിടമാകും. ഏറ്റവും മുകളിൽ ജി.പി. സ്റ്റേഷൻ സർവേ വകുപ്പിന്റെ കീഴിലായതിനാൽ സംരക്ഷിതപ്രദേശമാണ്. അതിന്റെ 20 മീറ്റർ ചുറ്റളവിൽ പാറ പൊട്ടിക്കരുതെന്നതിനാലാണ്‌ ഇവിടം സംരക്ഷിക്കപ്പെട്ടുപോരുന്നത്‌.

ഇപ്പോൾ ഉപഗ്രഹ സർവേയുടെ കാലമായതിനാൽ ഇതിന്റെ ചരിത്രപരമായ പ്രാധാന്യവും പഴയകാല സർവേ രീതിയും പരിചയപ്പെടുത്താം. അവിടെ വ്യൂ പോയിന്റോ ടവറോ സ്ഥാപിക്കാം. പാറ പെയിന്റിങ്ങുകൾകൊണ്ട് മനോഹരമാക്കാം. അങ്ങനെ ഒട്ടേറെ സാധ്യതയുള്ള പ്രദേശമാണിതെന്ന്‌ പാറയുടെ ഒരു ഭാഗം നിൽക്കുന്ന നെടുവത്തൂർ പഞ്ചായത്തിലെ വെൺമണ്ണൂർ വാർഡ്‌ അംഗം ജയചന്ദ്രൻ പറഞ്ഞു. ആനക്കോട്ടൂർ വാർഡിലുംകൂടിയായാണ് പാറ നിൽക്കുന്നത്. മുകളിലെ പാറ ആന നിൽക്കുന്നതുപോലെ ആയതുകൊണ്ടാണ് ഇതിന് ആനയംപാറ എന്ന പേരു വന്നത്.

കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നെടുവത്തൂർ പഞ്ചായത്തിലെ കിള്ളൂരിൽനിന്ന് ഒന്നരക്കിലോമീറ്റർ അകത്തോട്ടാണ് ഈ പാറ. കൊല്ലത്തുനിന്ന് 21 കിലോമീറ്ററാണ് ഇവിടേക്ക്. കൊട്ടാരക്കരയിൽനിന്ന്‌ ഏഴു കിലോമീറ്റർ.

Content Highlights: anayampara, kollam tourists destination, kollam dtpc, village tourism