വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്ക ഉടന്‍ പ്രവേശനം അനുവദിച്ചേക്കും. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 8 മുതലാണ് അമേരിക്ക പ്രവേശനം അനുവദിക്കുക.

ഇന്ത്യ, ചൈന, ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ഇറാന്‍, ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. 

സഞ്ചാരികള്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പുതന്നെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അമേരിക്ക വിമാനയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നവംബര്‍ 8 നാണ് അമേരിക്കയുടെ പുതിയ യാത്രാനയം നിലവില്‍ വരിക. പുതിയ നയമനുസരിച്ച് വിദേശ സഞ്ചാരികള്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കര മാര്‍ഗമുള്ള യാത്രയ്ക്കും വിമാനം വഴിയുള്ള യാത്രയ്ക്കും ഇത് ബാധകമാകും.

Content Highlights: america to welcome vaccinated tourist by november 8