വാഷിംഗ്ടണ്‍:  കോവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കാനൊരുങ്ങി അമേരിക്ക. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിങ്ങനെ 33 രാജ്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കായിരിക്കും അമേരിക്ക പ്രവേശനം അനുവദിക്കുക. വൈറ്റ് ഹൗസ് കൊറോണ വൈറസ് റെസ്‌പോണ്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജെഫ് സൈയിന്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ എന്ന് മുതലാണ് വിലക്ക് നീങ്ങുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും നവംബര്‍ ആദ്യത്തോടെ നീങ്ങുമെന്നാണ് സൂചന. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കഴിഞ്ഞ വര്‍ഷമാദ്യം ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.  പിന്നീട് മറ്റ് രാജ്യങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. 
  
മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന വാക്‌സിനെടുക്കാത്ത അമരിക്കന്‍ പൗരന്മാര്‍ യാത്രയ്ക്ക് മുന്‍പ് നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, എത്തിയതിന് ശേഷം ടെസ്റ്റ് ചെയ്യാനുള്ള വൈറല്‍  കിറ്റ് വാങ്ങിയ രേഖ എന്നിവ കാണിക്കണം. എന്നാല്‍ വാക്‌സിനെടുത്ത ശേഷം അമേരിക്കയിലേക്കെത്തുന്ന പൗരന്മാര്‍ക്ക് ഇത് ബാധകമാവില്ല.

Content Highlights; america to remove travel restrictions for travellers from india