ശ്രീനഗര്‍: പ്രശസ്തമായ അമര്‍നാഥ് യാത്ര ഈ വര്‍ഷമുണ്ടാവില്ലെന്ന് ശ്രീ അമര്‍നാഥ് ഷ്രൈന്‍ ബോര്‍ഡ് (എസ്.എ.എസ്.ബി) അറിയിച്ചു. ജമ്മു കശ്മീരില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്നതിനാലാണിത്. 

എസ്.എ.എസ്.ബി ചെയര്‍മാന്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 14,650 പേര്‍ക്കാണ് ഇന്ന് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. 254 പേര്‍ മരണമടഞ്ഞു. രാവിലെയും വൈകിട്ടുമുണ്ടാവുന്ന ആരതി ലൈവായോ വിര്‍ച്വല്‍ ദര്‍ശന്‍ ആയോ കാണാന്‍ സംവിധാനമൊരുക്കുമെന്ന് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ തന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി വന്നുവെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നതായി കുറിപ്പില്‍ പറയുന്നു. എന്നാല്‍ ദേശവ്യാപക ലോക്ഡൗണിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നിരോധനം ജൂലൈ 31 വരെ നീളും.

യാത്രാ നിരോധനം കൊണ്ട് ആരോഗ്യ- സിവില്‍-പോലീസ് വിഭാഗങ്ങള്‍ക്ക് മറ്റൊന്നിലേക്കും ശ്രദ്ധ പോകാതെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കാനാവുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ മാസം ആദ്യം ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര റദ്ദ് ചെയ്യണമെന്നും ഭക്തര്‍ക്ക് ദര്‍ശനം ലൈവായി ഇന്റര്‍നെറ്റിലൂടെയും ടെലിവിഷനിലൂടെയും കാണിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും പറഞ്ഞുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

Content Highlights: Amarnath Yatra cancelled, in wake of COVID-19 pandemic, Travel News