ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ പുരവഞ്ചികൾ-ശിക്കാരവള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി.

കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത ജീവനക്കാരെ ഉപയോഗിച്ചുമാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഇവയിലെത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

പുരവഞ്ചികളും ശിക്കാരവള്ളങ്ങളും ദിവസവും അണുവിമുക്തമാക്കിയതിനുശേഷം മാത്രമേ യാത്രയ്ക്കായി സജ്ജമാക്കാൻ പാടുള്ളൂ. ഇതിനായി ഒരു പുരവഞ്ചിക്ക് യൂസർഫീയായി ഒരുദിവസം 100 രൂപയും ഒരു ശിക്കാരവള്ളത്തിന് 20 രൂപയും ഡി.ടി.പി.സി.ക്കു കൈമാറണം.

പുന്നമട ഫിനിഷിങ് പോയിന്റ്, പള്ളാത്തുരുത്തി പുരവഞ്ചി ടെർമിനൽ എന്നിവിടങ്ങളിൽനിന്നു മാത്രം ബോർഡിങ് പാസുകൾ ഡി.ടി.പി.സി.മുഖേന വിതരണംചെയ്യും.

യാത്രയ്ക്കുള്ള ബോർഡിങ് പാസില്ലാതെ യാതൊരു കാരണവശാലും സർവീസ് നടത്താൻ പാടില്ല. ശിക്കാരവള്ളങ്ങൾക്കായുള്ള ബോർഡിങ് പാസ് ഡി.ടി.പി.സി. ഓഫീസിൽനിന്നു വിതരണംചെയ്യും. സംവിധാനങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി.സി.യും 50 ശതമാനം ജീവനക്കാരെ ഹൗസ്ബോട്ടുകളുടെ സംഘടനകളും ഏർപ്പാടാക്കും.

ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഡി.ടി.പി.സി.സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.

Content highlights :allowed houseboats for tourists with restrictions in alappuzha