പാലാ: ഭാരതപര്യടനം നടത്തുന്ന പഞ്ചാബ് സ്വദേശിയായ ജവാൻ സുഖ്‌വീന്തർ സിങ്ങിന് പാലായിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിരാലംബരും വേർപിരിഞ്ഞുപോയതുമായ പ്രതിരോധപ്രവർത്തകർക്കും രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന പോലീസ്, അഗ്നിശമനസേന, ആരോഗ്യപ്രവർത്തകർ, മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവർക്കും ആദരവർപ്പിച്ചാണ് ഭാരതപര്യടനം.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ, പാലാ ബ്ലഡ് ഫോറം, പയനിയർ ക്ലബ്ബ്, ജനമൈത്രി പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് പാലായിൽ സ്വീകരണം നൽകിയത്.

ഇന്ത്യയിലെ 731 ജില്ലകൾ, 29 സംസ്ഥാനങ്ങൾ, ഏഴ്‌ യൂണിയൻ തലസ്ഥാനങ്ങൾ എന്നിവിടങ്ങൾ താണ്ടി 5000 കിലോമീറ്റർ ദേശീയപാതകളിലും 35000 കിലോമീറ്റർ സംസ്ഥാനപാതകളിലും ഉൾപ്പെടെ 40000 കിലോമീറ്ററാണ് സുഖ്‌വീന്തർ സിങ് സഞ്ചരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച യാത്ര ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ യാത്രികനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ.സൂരജ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷീബു തെക്കേമറ്റം, റ്റോമി കുറ്റിയാങ്കൽ, സിബി റിജൻസി, സജി വട്ടക്കാനാൽ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എസ്.സുദേവ്, പ്രഭു കെ. ശിവറാം, സാജൻ പാരഡൈസ്, അനീഷ് കൃഷ്ണമംഗലം, തോമസ് എയ്ഞ്ചൽ, ഗിരീഷ് കൃഷ്ണൻ, പ്രവീൺ ചന്ദ്രൻ, വിപിൻ വിജയകുമാർ എന്നിവർ പങ്കെടുത്തു.

Content Highlights: All India Trip, Sukhvinder Singh, Bike Travel, Solo Trip