ഇന്ത്യൻ ഗ്രാമങ്ങളെ നേരിട്ട് കാണാൻ യാത്ര പുറപ്പെടുന്ന പി. ബിജുവും റഷീദ് പഴശ്ശിയും | ഫോട്ടോ: youtu.be|tEPFhkRFTbA
മയ്യില്‍: ഗ്രാമങ്ങളിലെ നേര്ക്കാഴ്ചയറിയാനായി നാലുമാസം നീളുന്ന ഭാരതപര്യടനവുമായി യുവാക്കള്‍. കുറ്റിയാട്ടൂര്‍ പാവന്നൂര്‍മൊട്ടയിലെ ബസ് ഡ്രൈവറായ പി. ബിജുവും ഉറ്റസുഹൃത്ത് റഷീദ് പഴശ്ശിയുമാണ് പരിഷ്കാരം വരുത്തിയ വാനില്‍ ഊണും ഉറക്കവുമായി രാജ്യത്തെ ഗ്രാമം മുഴുവനുമെത്തുക.
യാത്രയിലുടനീളം കഴിക്കാനുള്ള ഭക്ഷണം പാകം ചെയ്യുന്നതും വിശ്രമിക്കുന്നതും വാനില്‍ തന്നെയായിരിക്കും. വാനിന്റെ മുകളില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള വൈദ്യുതിയും ഒരുക്കിയിട്ടുണ്ട്. കട്ടില്, ജലസംഭരണി, അടുക്കള എന്നിവയുമിതിലുണ്ട്. വാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതും ഇവര്‍ തന്നെ. ഇതിനായി രണ്ടുമാസം വേണ്ടിവന്നു. 'വാന്‍ ലൈഫ് ഓള് ഇന്ത്യ ട്രിപ്പ്' എന്നാണ് യാത്രയുടെ പേര്.
ഇന്ത്യന്‍ ഗ്രാമങ്ങളിലെ നേരനുഭവം യൂട്യൂബ് വഴി ലോകത്തെയറിയിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരുടെ അവസ്ഥ, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ചായിരിക്കും പ്രധാനമായും ഇവര്‍ സംപ്രേഷണം ചെയ്യുക. മൈസൂരു, ബെംഗളൂരു, ഹൈദരാബാദ്, പഞ്ചാബ് വഴി ഇവര്‍ ജമ്മുകശ്മീരിലെത്തും. വാഗാ അതിര്‍ത്തിയിലെ സൈനികരെയും ഗ്രാമീണരെയും കണ്ടതിനുശേഷം സിക്കിം, അരുണാചല്‍പ്രദേശ്, അസം, ഒഡിഷ വഴി കന്യാകുമാരിയിലും തുടര്‍ന്ന് കേരളത്തിലേക്കുമാണ് യാത്ര അസൂത്രണം ചെയ്തിട്ടുള്ളത്.
നേരത്തെ ഇരുവരും ബസ് ഡ്രൈവറായിരുന്നതിനാല്‍ വാഹനമോടിക്കുന്നതും ഇവര്‍ തന്നെയായിരിക്കും. 32-കാരായ ഇരുവരും വിവാഹിതരാണ്. ശനിയാഴ്ച രാവിലെ എട്ടിന് മയ്യില്‍ ടൗണില്‍ സി.പി.എം. മയ്യില്‍ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. bijurithvik എന്ന യൂട്യൂബ് ചാനലില്‍ ഇവരുടെ യാത്രാവിശേഷങ്ങള്‍ കാണാം.
Content Highlights: All India Trip in Van, Biju and Rasheed Travel, Travel Lovers, Van Life All India Trip, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..